കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവിനെ തുടർന്ന് വീട്ടമ്മ മരണപ്പെട്ടതായി ബന്ധുക്കളുടെ പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചു ബന്ധുക്കൾ.
ചങ്ങനാശ്ശേരി പുതൂർപ്പള്ളി സ്വദേശിനിയായ ഹസീന(49) ആണ് ശസ്ത്രക്രിയയ്ക്ക് ശേഷം മരിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഭർത്താവ് ഹസ്സൻകുഞ്ഞു. കഴിഞ്ഞ മാസമാണ് ഹെർണിയയ്ക്ക് ഹസീന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം 7 ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
വീട്ടിലേക്കു പോകുന്ന സമയത്തു തന്നെ പനി പിടിപെടുകയായിരുന്നു. കടുത്ത പനിയും ശരീര വിറയലും മൂലം വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. ഈ സമയം ഡ്യുട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ മുറിവിൽ രക്തം കെട്ടിക്കിടക്കുന്നതായും പഴുപ്പുള്ളതായും ഇൻഫെക്ഷൻ ആയിട്ടുണ്ടെന്നും ഉടനെ തന്നെ വീണ്ടും മറ്റൊരു ശസ്ത്രക്രിയ വേണമെന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും 4 ദിവസത്തോളം ഐസിയുവിൽ അഡ്മിറ്റ് ആക്കുകയുമായിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റി. എന്നാൽ വീണ്ടും മുറിവിൽ നിന്നും രക്തവും പഴുപ്പുപോലെ ദ്രാവകവും പുറത്തു വരികയായിരുന്നു. മുറിവ് ഡ്രസ്സ് ചെയ്യുന്നത് കൃത്യമായി ചെയ്യാഞ്ഞതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ദിവസം രാത്രി വലിയ തോതിൽ മുറിവിൽ നിന്ന് രക്തവും ദ്രാവകവും പുറത്തു വന്നതോടെ വിവരം ഡോക്ടർമാരെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഡോക്ടർമാർ പരിശോധിച്ചെങ്കിലും ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മരണപ്പെടുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ പ്രശനങ്ങളായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ ഹസീനയെ പരിശോധിക്കാൻ തയ്യാറായിരുന്നില്ല എന്നും ഭർത്താവ് ആരോപിക്കുന്നു.
ആശുപത്രിയിൽ ശസ്ത്രക്രിയയിലുണ്ടായ അനാസ്ഥയാണ് മരണത്തിനു കാരണമെന്നും ആദ്യ തവണയും രണ്ടാം തവണയും ശസ്ത്രക്രിയ സമയത്ത് പുറത്തെടുത്ത ബയോപ്സിക്ക് അയച്ചു എന്ന് അധികൃതർ പറയുന്ന ഭാഗങ്ങൾ ബന്ധുക്കൾ ആരെയും കാണിച്ചിട്ടില്ല എന്നും ഭർത്താവ് പറയുന്നു. മുറിവിൽ ഡ്രസ്സിങ് ചെയ്യാൻ സാധനങ്ങൾ നൽകിയ ശേഷം സ്വന്തം നിലയിൽ ഡ്രസ്സ് ചെയ്യാൻ ആവശ്യപ്പെട്ടതായും ഹസീനയുടെ ഭർത്താവ് പരാതിപ്പെടുന്നു.