അമിത ലോഡുമായി ടോറസ് ലോറികൾ; മണിമല-പഴയിടം തീരദേശ റോഡ് തകർന്നു.


മണിമല: അമിത ലോഡുമായി ടോറസ് ലോറികൾ എത്തുന്നതിനെ തുടർന്ന് മണിമല-പഴയിടം തീരദേശ റോഡ് തകർന്നു. മാസങ്ങൾക്ക് മുൻപ് കുഴികളടച്ചു ടാർ ചെയ്തു നവീകരിച്ച റോഡാണ് വീണ്ടും പൊളിയാൻ തുടങ്ങിയത്.

മണിമല മാർക്കറ്റ് ജങ്ഷനിൽ നിന്നും പഴയിടം ഭാഗത്തേക്ക് പോകുന്നതിനായുള്ള തീരദേശ റോഡാണ് വീണ്ടും തകർന്നു തുടങ്ങിയത്. ദിവസേന നിരവധി ടോറസ് ലോറികളാണ് അമിത ലോഡുമായി ഈ വഴി മണിമല മാർക്കറ്റ് ജംങ്ഷനിലേക്കുള്ള റോഡിലൂടെ എത്തുന്നത്. വാഹനങ്ങൾ ഇവിടെ തിരിഞ്ഞു കയറുന്ന ഭാഗത്തും അപകടം ഒളിഞ്ഞിരിപ്പുണ്ട്.

നിരവധി അപകടങ്ങൾ ഇതിനോടകം തന്നെ മേഖലയിൽ സംഭവിച്ചിട്ടുണ്ട്. ഇറക്കമിറങ്ങി വരുന്ന ടോറസ് ലോറികൾ മെയിൻ റോഡിലേക്ക് തിരിഞ്ഞു കയറുന്നത് ഗതാഗത തടസ്സത്തിനും ഇടയാക്കുന്നുണ്ട്. വിവിധയിടങ്ങളിൽ റോഡ് ഇടിഞ്ഞു താഴ്ന്നതായും നാട്ടുകാർ പറയുന്നു. അമിത ലോഡുമായി ഇതുവഴിയെത്തുന്ന ടോറസ് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും വാഹനങ്ങൾ പഴയിടം വഴി വഴിതിരിച്ചു വിടണമെന്നും അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.