കരാർ അടിസ്ഥാനത്തിലെ ഡോക്ടർമാരുടെ സേവനം അവസാനിച്ചു, ഡോക്ടർമാരില്ല; കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ശസ്ത്രക്രിയകൾ മുടങ്ങുന്നു, അടിയന്തര നടപടികൾ സ്വീകരിക്


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലെ ഡോക്ടർമാരുടെ സേവനം അവസാനിച്ചതോടെ ശസ്ത്രക്രിയകൾ മുടങ്ങുന്നു. കാൻസർ ചികിത്സാ ശസ്ത്രക്രിയ വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതോടെ രോഗികൾ വലയുകയാണ്.

നിലവിൽ ഒരു ഓങ്കോളജി സർജൻ മാത്രമാണ് വിഭാഗത്തിലുള്ളത്. ആശുപത്രിയിലെ അവസ്ഥ ചൂണ്ടിക്കാട്ടി വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കോട്ടയം ജില്ലയ്ക്ക് പുറമെ സമീപ ജില്ലകളിൽ നിന്നും കൂടുതലാളുകൾ ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് നയമാണ് എന്നും രോഗികൾ ആരോപിക്കുന്നു.

മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ പോലും ഇപ്പോൾ നടത്താനാകാത്ത അവസ്ഥയിലാണ്. രണ്ട് ജൂനിയർ ഡോക്ടർമാരുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചിരിക്കെ നിരവധി രോഗികളുടെ ശാസ്ത്രക്രിയകളാണ് വൈകിയത്. സ്റ്റാഫ്‌ നഴ്‌സ്‌, ഫാർമസിസ്റ്റ്‌, ലാബ്‌ ടെക്‌നീഷ്യൻ എന്നീ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരുടെയും കാലാവധി അവസാനിച്ചിട്ടുണ്ട്. എത്രയും വേഗം പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തി കാൻസർ ശസ്ത്രക്രിയ വിഭാഗത്തിൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.