മണിമല: മണിമല ചാരുവേലിയിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മണിമല ചാരുവേലി സ്വദേശിയായ സന്തോഷ് (48) നെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ സന്തോഷിന്റെ മക്കളായ രണ്ടുപേരെ ഇന്നലെ മണിമല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ മകനായ സച്ചു സന്തോഷ്(23)നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. സന്തോഷിന്റെ ഭാര്യയും രണ്ടുമക്കളും ഭാര്യമാതാവും മാത്രമാണ് മണിമലയിലെ വീട്ടില്‍ താമസിക്കുന്നത്.
മദ്യപിച്ച് ഭാര്യയുമായും മക്കളുമായും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ശനിയാഴ്ച മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതുകണ്ട ഇളയമകന്‍ സച്ചു ഇരുമ്പു വടി എടുത്ത് സന്തോഷിന്റെ തലയ്ക്ക് അടിച്ചു.
അടിയേറ്റു ചോരയില്‍ കുളിച്ചു കിടന്ന സന്തോഷിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ദുരൂഹത അതോന്നിയ പോലീസ് മക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തു വന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
റാന്നി മക്കപ്പുഴ സ്വദേശി ആണ് സന്തോഷ്. മക്കപ്പുഴയിൽ താമസിക്കുന്ന സന്തോഷ് വെല്ലപ്പോഴുമാണ് മണിമല ചാരുവേലിയിലെ വീട്ടിലേക്ക് എത്തിയിരുന്നത്. വീട്ടിൽ വരുമ്പോഴെല്ലാം മദ്യപിച്ച് വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.