മാക്കേകടവ്-നേരേകടവ് പാലത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു.


വൈക്കം: കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേകടവ്-നേരേകടവ് പാലത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു. ആലപ്പുഴ ജില്ലയിലെ മാക്കേകടവില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ അധ്യക്ഷനായിരുന്നു.

ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ, വൈക്കം എംഎൽഎ കെ ബിനിമോൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരും സന്നിഹിതരായി. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് മാക്കേകടവ് -നേരെകടവ് പാലം നിർമ്മിച്ചത്.

വേമ്പനാട്ടുകായലിൽ ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് 800 മീറ്റർ നീളവും, ഏഴര മീറ്റർ വീതിയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ക്യാരേജ് വേയും ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. ആകെ 22 സ്പാനുകൾ ഉള്ള പാലത്തിൽ മാക്കേകടവ് ഭാഗത്ത് 40. 20 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 48.40 മീറ്ററിൽ കണക്ടിംഗ് റോഡും സജ്ജമാക്കിയിട്ടുണ്ട്. നേരേകടവ് ഭാഗത്ത് 52.22 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും 73.26 മീറ്ററിൽ നീളത്തിൽ കണക്റ്റിംഗ് റോഡും നിർമ്മിച്ചിട്ടുണ്ട്.