എരുമേലി: എരുമേലി മുക്കടയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരന്റെ ക്രൂര മർദനം. മുഖത്തിനു ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി കണ്ടക്ടറെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ പ്ലാച്ചേരി-എരുമേലി റോഡിൽ മുക്കടയിലാണ് സംഭവം. പത്തനാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം ഉണ്ടായത്. റാന്നിയിൽ നിന്നും കയറിയ യാത്രക്കാരൻ കണ്ടക്ടറുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.
ഇറങ്ങേണ്ട സ്റ്റോപ്പായ മുക്കടയിൽ ഇറങ്ങുന്നതിനിടെയാണ് കണ്ടക്ടറുടെ മുഖത്തിനു ഇടിച്ചു പരിക്കേൽപ്പിച്ചത്. കണ്ടക്ടറുടെ മുഖത്തിനു അതിക്രൂരമായി ഇടിച്ചു പരിക്കേൽപ്പിച്ച ശേഷം യാത്രക്കാരൻ ബസ്സിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
നാട്ടുകാരും യാത്രക്കാരും ചേർന്നാണ് കണ്ടക്ടറെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മുഖത്തെ മുറിവിന് ആറ് സ്റ്റിച്ച് വേണ്ടിവന്നു. സംഭവത്തിൽ മണിമല പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രമണം നടത്തിയ യാത്രികനെ പിടികൂടിയതായാണ് വിവരം.
ScreenGrab: social media