ലോക ഹൃദയദിനാചരണം: കോട്ടയം സൈക്ലോത്തോൺ 2026’ ആവേശകരമായി സമാപിച്ചു.


കോട്ടയം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി കാരിത്താസ് ആശുപത്രി കോട്ടയം സൈക്ലിംഗ് ക്ലബ്ബിന്റെയും മലയാള മനോരമ, സർഗ്ഗക്ഷേത്ര, ഡെക്കാത്‌ലോൺ, ട്രാക്ക് ആൻഡ് ട്രെയിൽസ്, നവ്യ കേക്ക് ആൻഡ് ബേക്കേഴ്‌സ് എന്നിവരുടെ സഹകരണത്തോടെ ഒക്ടോബർ 4-ന് സംഘടിപ്പിച്ച ‘കോട്ടയം സൈക്ലോത്തോൺ 2026’ ആവേശകരമായി സമാപിച്ചു.

ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്ലോത്തോണിൽ 700-ലധികം പേർ പങ്കെടുത്തു. 100 കിലോമീറ്റർ സൈക്ലോത്തോൺ രാവിലെ 5:30ന് ചാണ്ടി ഉമ്മൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

40 കിലോമീറ്റർ സൈക്ലിങ് റൈഡ് രാവിലെ 6ന് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കുട്ടികൾക്കായി ‘ഹൃദയത്തിനായ് ഒരു കുഞ്ഞു സവാരി’ എന്ന പേരിൽ സംഘടിപ്പിച്ച 5 കിലോമീറ്റർ ഫൺ റൈഡ് രാവിലെ 7ന് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീന എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. 100 കിലോമീറ്റർ, 40 കിലോമീറ്റർ വിഭാഗങ്ങളിലായി നടന്ന സൈക്ലിങ് റൈഡിൽ 600-ഓളം പേരും 5 കിലോമീറ്റർ ഫൺ റൈഡിൽ 150-ഓളം പേരും പങ്കെടുത്തു.

‘India On Cycle’ എന്ന പേരിൽ ഇന്ത്യയിലുടനീളം സൈക്കിളിൽ സഞ്ചരിക്കുന്ന പ്രചോദനാത്മക യാത്ര തുടരുന്ന കോട്ടയം സ്വദേശിയായ നവിൻ പോളും സൈക്ലോത്തോണിൽ സാന്നിധ്യമായി. കാരിത്താസ് ആശുപത്രി ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഫാ.ഡോ.ബിനു കുന്നത്ത്, കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എച്ച്.ഒ.ഡി.യും സീനിയർ കൺസൾട്ടന്റുമായ ഡോ.ജോണി ജോസഫ്, ജോയിന്റ് ഡയറക്ടർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മികച്ച പങ്കാളിത്തത്തോടെ നടന്ന സൈക്ലോത്തോൺ ആരോഗ്യകരമായ ജീവിതശൈലിയുടെയും ഹൃദയാരോഗ്യ സംരക്ഷണത്തിന്റെയും സന്ദേശം പങ്കുവെച്ചതിനൊപ്പം കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വേറിട്ടൊരു കൂട്ടായ്മയായി മാറി.

Next
This is the most recent post.
Previous
Older Post