കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനം താറുമാറായതുൾപ്പെടെ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളിലുണ്ടായിരിക്കുന്ന കുറവുകൾ, മരുന്ന് ക്ഷാമം ഉൾപ്പെടെയുള്ള മറ്റ് സേവനരംഗങ്ങളിലെ പോരായ്മകൾ എന്നിവ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിക്കൽ ധർണ്ണ സംഘടിപ്പിച്ചു.
മുൻ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ധാരണയുടെ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ.എം. മാത്യു അധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മരുന്നുകളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മുൻ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. സംസ്ഥാന-ജില്ലാ-നിയോജക മണ്ഡല നേതാക്കൾ ധർണ്ണയിൽ പങ്കെടുത്തു.