മാനസിക രോഗങ്ങളോടുള്ള കാഴ്ച്ചപ്പാട് മാറണം: കെ. മുരളീധരന്‍.


തിരുവനന്തപുരം: ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം കാത്തുസൂക്ഷിക്കുക എന്നുള്ളതെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. ഈ ആശയത്തിന് വളരെ പ്രസക്തിയുണ്ട്. മാനസിക രോഗം പൂര്‍ണമായി ഭേദപ്പെട്ടാലും സ്വന്തം വീടും സമൂഹവും ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണ്? പല രംഗത്തും മാറ്റം വന്നെങ്കിലും ഈ മനോഭാവത്തിന് മാറ്റം വന്നിട്ടില്ല.

രോഗം മുക്തമായാലും ഇവരെ ‍സ്വന്തക്കാര്‍ തന്നെ തള്ളിക്കളയുമ്പോള്‍ സമൂഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  ഇതിനോടുള്ള കാഴ്ച്ചപ്പാട് മാറണമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ മാനസികാരോഗ്യ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടും ശാസ്ത്ര ലോകത്തെത്തിയിട്ടും പല വിശ്വാസങ്ങള്‍ക്കും മാറ്റം വന്നിട്ടില്ല.

മാനസിക രോഗം മാറുമ്പോള്‍ നിങ്ങള്‍ തനിച്ചല്ല ഞങ്ങളൊപ്പമുണ്ട് എന്ന സ്ഥിതി ഉണ്ടായാല്‍ തന്നെ വളരെ ആശ്വാസമാകും. അല്ലെങ്കില്‍ അവരുടെ രോഗം മൂര്‍ച്ഛിക്കാം. കുട്ടികളുടെ മാനസികനില നോക്കാതെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. മാനസികാരോഗ്യ ക്ലിനിക്കുകള്‍ മാനസിക രോഗം വരാതിരാക്കാന്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.  വി മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. ഷിനു കെ.എസ്., ഡോ. കെ. സന്ദീപ്, മെന്‍റല്‍ ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ പി.എസ്., തിരുവനന്തപുരം മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റി സി.ഇ.ഒ. ഡോ. മിലി ബാബു, വാര്‍ഡ് കൗണ്‍സിലര്‍ ഷേര്‍ളി എസ്, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അര്‍ണോള്‍ഡ് ദീപക്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. മാനസികാരോഗ്യ സെമിനാര്‍ ജില്ലാ മാനസികാരോഗ്യ പരിപാടി ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ഉണ്ണികൃഷ്ണന്‍ നയിച്ചു. മാനസികാരോഗ്യ വിഷയത്തില്‍ ക്വിസ് പ്രോഗ്രാമും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ എക്സിബിഷനും സംഘടിപ്പിച്ചു.