സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം കോട്ടയം മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു.


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ഘടകങ്ങളുടെ കുറവുമൂലമുണ്ടാകുന്ന ജനിതക രക്തസ്രാവരോഗമാണ് ഹീമോഫീലിയ. സമയബന്ധിത രോഗനിർണയം, ചികിത്സ, രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള ഘടകചികിത്സ, തുടർപരിചരണം എന്നിവ ഉറപ്പാക്കുന്നതിനാണ് പ്രത്യേക ഹീമോഫീലിയ ചികിത്സാകേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നത്.

കോട്ടയം ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ ഹീമോഫീലിയ സെന്‍റർ സമീപ ജില്ലകളടക്കമുള്ളവർക്കു ചികിത്സയും തുടർപരിചരണവും ലഭ്യമാക്കിവരുന്നു. ത്രിതല ചികിത്സാ കേന്ദ്രമാകുന്നതിലൂടെ ഇവിടെ  വിവിധ രക്തസ്രാവ രോഗങ്ങൾക്ക് സമഗ്ര പരിശോധന, വിദഗ്ധചികിത്സ, തുടർപരിചരണം, അനുബന്ധ ആരോഗ്യ സേവനങ്ങൾ എന്നിവ ഏകോപിപ്പിച്ച് ലഭ്യമാക്കാനാകും.

ഹെമറ്റോളജിസ്റ്റുകൾ, ഓർത്തോപീഡിക് സർജന്മാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘത്തിന്റെ സേവനം ഇവിടെ ലഭ്യമാകും. ഹീമോഫീലിയ ബാധിതർക്ക് സാധാരണയായി ആവശ്യമായി വരുന്നതും ഉയർന്ന സങ്കീർണ്ണതയുള്ളതുമായ ജോയിന്റ് റീപ്ലേസ്‌മെന്റ് (മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ) പോലുള്ള സർജറികൾ ഇവിടെ സൗജന്യമായി ചെയ്യാനാകും.