അധ്യാപക നിയമന വിവാദം; അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത്.


ചങ്ങനാശ്ശേരി: മാനേജ്മെന്റുകളുടെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തെത്തി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി.

അധ്യാപക നിയമനത്തിൽ ആർക്കും ആശങ്ക ഇല്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി അധ്യാപക നിയമനങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ നീക്കം നടത്തിയത്. ഈ നീക്കത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനേജ്മെന്റുകളുടെ അധ്യാപക നിയമനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശങ്ങളിൽ കഴിഞ്ഞ ദിവസം കെസിബിസി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തിയത്. ഭിന്നശേഷി നിയമനങ്ങൾക്ക് പിന്നാലെ മാനേജ്മെൻറ്കളുടെ മറ്റ് അധ്യാപക നിയമനങ്ങളും ജില്ലാ സമിതിയുടെ കീഴിൽ കൊണ്ടുവരണമെന്ന നിർദേശമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കേറ്റ് ജനറലിന് നൽകിയത്.

ഇതിനെ അതിശക്തമായ ഭാഷയിലാണ് കെസിബിസി വിമർശിച്ചത്. സഭയുടെ അതൃപ്തി രൂക്ഷമായതോടെയാണ് അനുനയ നീക്കവുമായി മന്ത്രി തന്നെ നേരിട്ട് എത്താൻ കാരണമായത്. ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തിയ മന്ത്രി അരമണിക്കൂറിലധികം ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ സഭയുടെ ആശങ്കകൾ മന്ത്രിയെ ബിഷപ്പ് നേരിട്ട് അറിയിച്ചു. സഭാ നേതൃത്വം പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മറുപടി നൽകി.

Next
This is the most recent post.
Previous
Older Post