ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ നിർമ്മാണത്തിൽ കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് നടന്നതായി കംപ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറലിന്റെ (സി.എ.ജി) റിപ്പോര്ട്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡിന്റെ നിലവാരം ഉയര്ത്തല് പദ്ധതിയിലാണ് ഏറ്റവും വലിയ ക്രമക്കേടുകള് കണ്ടെത്തിയിരിക്കുന്നത്.
കരാറുകള് സമയബന്ധിതമായി പൂര്ത്തിയാക്കുന്നതില് വരുത്തിയ വീഴ്ചകള് മൂലം 21.33 കോടി രൂപയുടെ അധിക ചെലവുണ്ടായി. പാലങ്ങള്ക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക ന്യായീകരണങ്ങള് തേടാതെ രൂപകല്പ്പനയില് വരുത്തിയ മാറ്റങ്ങള് കരാറുകാരന് വന് ലാഭമുണ്ടാക്കിക്കൊടുത്തു. പണി പൂര്ത്തിയാകുന്നതിന് മൂന്ന് വര്ഷം മുന്പ് വരെ തുക അനുവദിച്ചതിലൂടെ കരാറുകാരന് 39.27 കോടി രൂപയുടെ അനര്ഹമായ സാമ്പത്തിക ആനുകൂല്യം ലഭിച്ചെന്നും കരാറുകാര്ക്ക് 1.35 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അധികമായി നല്കിയെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.
സാങ്കേതിക പഠനമില്ലാതെ റോഡിന്റെ രൂപകൽപ്പന മാറ്റിയത് വലിയ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2024 മാർച്ചിൽ അവസാനിച്ച കാലയളവിലെ സി.എ.ജി റിപ്പോർട്ടിലാണ് കോടികളുടെ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. കേരള റോഡ് ഫണ്ട് ബോര്ഡ് (കെ.ആര്.എഫ്.ബി), വിനോദസഞ്ചാര വകുപ്പ്, റീബില്ഡ് കേരള എന്നിവയുടെ പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും ഗുരുതരമായ വീഴ്ചകള് സംഭവിച്ചതായി 2024 മാര്ച്ച് വരെയുള്ള കാലയളവിലെ റിപ്പോര്ട്ടില് അക്കമിട്ടു നിരത്തുന്നു.
കൃത്യമായ പഠനങ്ങളോ ആസൂത്രണമോ ഇല്ലാതെ പദ്ധതികള് ആരംഭിച്ചതും കരാറുകാര്ക്ക് അനര്ഹമായ സാമ്പത്തിക നേട്ടങ്ങള് ഉണ്ടാക്കിക്കൊടുത്തതും മൂലം സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് സി.എ.ജിയുടെ പ്രധാന കണ്ടെത്തല്. സര്ക്കാര് വകുപ്പുകളിലെ ഏകോപനമില്ലായ്മയും ആസൂത്രണമില്ലാത്ത നിര്മ്മാണ പ്രവര്ത്തനങ്ങളും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് സി.എ.ജി റിപ്പോര്ട്ടിലൂടെ വീണ്ടും പുറത്തുവന്നിരിക്കുന്നത്. കെടുകാര്യസ്ഥത മൂലം കോടിക്കണക്കിന് രൂപയുടെ പൊതുപണം പാഴായ പശ്ചാത്തലത്തില് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കും കരാറുകാര്ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.