
എരുമേലി: എരുമേലി പോലീസിന്റെ കാക്കിക്കുള്ളിലെ നന്മമനസിന് നിറഞ്ഞ മനസ്സോടെ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
കഴിഞ്ഞ ദിവസം പതിവ് വാഹന പരിശോധനയ്ക്കിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. വാഹന പരിശോധനയ്ക്കിടെ ഹെൽമെറ്റ് ധരിക്കാതെ എത്തിയ ഇരുചക്ര വാഹന യാത്രികനെ പോലീസ് കൈ കാണിച്ചു നിർത്തുകയായിരുന്നു.
ഹെൽമെറ്റ് ധരിക്കാത്തത്തിനും റിയർ വ്യൂ മിറർ ഇല്ലാത്തത്തിനും സുജിത്തിന് പോലീസ് 250 രൂപ പിഴ ചുമത്തി. ആകെ കൈയിൽ 200 രൂപയെ ഉള്ളു എന്നു പറഞ്ഞ സുജിത്ത് അത് നൽകാൻ തുടങ്ങുന്നതിനിടെയാണ് എസ് ഐ സിജോ രവീന്ദ്രൻ യുവാവിന്റെ മുഖത്തെ നിസ്സഹായാവസ്ഥ കാണുന്നത്.
പെട്ടന്ന് മുഖം വല്ലാതായ സുജിത്തിനോട് വിവരങ്ങൾ പോലീസ് അന്വേഷിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി ജോലി ഉണ്ടായിരുന്നില്ലെന്നും മകൾ വൈഗയുടെ പിറന്നാളിന് അംഗൻവാടിയിലെ കൂട്ടുകാർക്ക് നൽകാൻ മിഠായി വാങ്ങാനായി ഇറങ്ങിയതാണെന്നും സുജിത്ത് എസ് ഐ യോട് പറഞ്ഞു.
സംസാരത്തിൽ സത്യം മനസ്സിലാക്കിയ എസ് ഐ സിജോ രവീന്ദ്രന്റെയും സഹപ്രവർത്തകരായ എഎസ്ഐ അജിത് കുമാറിന്റെയും സിവിൽ പോലീസ് ഓഫീസറായ സനീതിന്റെയും മനസറിഞ്ഞു. പിഴ രേഖപ്പെടുത്തിയതിനാൽ അടയ്ക്കാതെ മാർഗമില്ലാത്തത്തിനാൽ എസ് ഐ സിജോ രവീന്ദ്രൻ സ്വന്തമായി തുക അടയ്ക്കുകയായിരുന്നു.
സുജിത്തിന്റെ അവസ്ഥ മനസ്സിലാക്കിയ പോലീസുകാർ എരുമേലിയിൽ ഒരു ബേക്കറിയിൽ നിന്നും കേക്കും മിഠായിയും വാങ്ങി ഒപ്പം ഒരു പിറന്നാൾ കുപ്പായവും കൂടി വാങ്ങി സുജിത്തിന്റെ വീട്ടിൽ എത്തുകയായിരുന്നു. ഏറെ അമ്പരപ്പോടെയാണ് സുജിത്തും കുടുംബവും പോലീസുകാരെ സ്വീകരിച്ചത്.
വൈഗയ്ക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചു ആഘോഷിച്ച ശേഷം ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യരുത് എന്ന ഉപദേശവും നൽകിയാണ് പോലീസുകാർ തിരികെ പോന്നത്.