കോട്ടയം: കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വന്‍ ക്രമക്കേട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ഓപറേഷൻ കളിക്കളം എന്ന പേരിൽ ഇന്നലെയാണ് വിജിലൻസ് പരിശോധന നടത്തിയത്.
വിജിലൻസ് എസ്പി ആർ.ബിനു, ഡിവൈഎസ്പി പ്രദീപ്കുമാർ ഉൾപ്പെട്ട സംഘം ഇന്നലെ രാവിലെ 10:30 മുതൽ രാത്രി വരെ പരിശോധന നടത്തി. കഴിഞ്ഞ പത്തു വർഷത്തെ ഇടതു ഭരണകാലത്തെ നിയമനങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിക്കാനാണ് തീരുമാനം. നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞ 10 വർഷം വാടകയ്ക്ക് നൽകിയതിന്റെ മുഴുവൻ രേഖകളും വിജിലൻസ് വിശദമായി പരിശോധിക്കും.
ഇഷ്ടക്കാർക്ക് കുറഞ്ഞ തുകയ്ക്കും മറ്റുള്ളവർക്ക് കൂടിയ തുകയ്ക്കും സ്റ്റേഡിയം വാടകയ്ക്ക് നൽകിയാതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം 7500 രൂപയ്ക്കു നൽകിയ സ്റ്റേഡിയം മൂന്ന് ദിവസത്തേക്ക് 90,000 രൂപയ്ക്കു നൽകിയതിനും വിജിലൻസിന് രേഖകൾ ലഭിച്ചു. കായിക താരങ്ങളുടെ റജിസ്ട്രേഷൻ ഫീസ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അക്കൗണ്ടിലേക്ക് വാങ്ങാതെ പകരം ഓഫിസിലെ ക്ലർക്കിന്റെ ഗൂഗിൾ പേ മുഖേനയാണ് സ്വീകരിച്ചത് എന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കും. കഴിഞ്ഞ 10 വർഷം നടത്തിയ നിയമനങ്ങൾ, വിതരണം ചെയ്ത ഗ്രാന്റ്, ഓഡിറ്റ് റിപ്പോർട്ട് എന്നിവയും പരിശോധിച്ചു. കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിൽ സാമ്പത്തിക ഇടപാടുകളിൽ വിശദ പരിശോധന വേണം എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കായിക ഉപകരണങ്ങളുടെ വിതരണവും സ്റ്റോക്ക് റജിസ്റ്ററും, കാഷ്, ചെക്ക് റജിസ്റ്ററുകളിലെ വിവരങ്ങളും കൃത്യമല്ല.
സ്പോർട്സ് ഹോസ്റ്റലുകളിൽ കായികതാരങ്ങൾക്ക് ഭക്ഷണ വിതരണം നടത്തിയതിലും പരിശോധന നടത്താനാണ് വിജിലൻസ് തീരുമാനം. യോഗ്യത നേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ, ഭക്ഷണവും സ്റ്റൈപ്പന്റും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങൾ തയ്യാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ ക്രമക്കേടുകൾ, കൗൺസിൽ അംഗങ്ങളുടെ യാത്രകൾ, സർക്കാർ ഫണ്ട് വകമാറ്റൽ തുടങ്ങിയ പരാതികളും വിജിലൻസിന് ലഭിച്ചിരുന്നു. കായികമന്ത്രിക്ക് ലഭിച്ച പരാതികളും വിജിലൻസിന് കൈമാറിയിരുന്നു.