ജില്ലയിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം; തദ്ദേശ സ്ഥാപനങ്ങളുടെ യോഗം ചേരും: ജില്ലാ കളക്ടർ.


കോട്ടയം: ജില്ലയിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളില്‍ തെരുവനായ ശല്യം വര്‍ധിച്ചത് ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. മെഡിക്കൽ കോളജില്‍  സന്ദർശകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ മാലിന്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പ്രശ്നപരിഹാരത്തിന് കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള സാധ്യതകൾ പരിശോധിക്കും.

ദേശീയപാതയുടെ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട സർവേയുടെ ഭാഗമായി അതിർത്തി നിർണയിക്കുന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് ദേശീയപാത അധികൃതർ യോഗത്തില്‍ ഫ്രാൻസിസ് ജോർജ് എം.പിയെ അറിയിച്ചു. എം.പി. ലാഡ്സ് പ്രവൃത്തികളുടെ നിർവഹണം കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്ന് ഫ്രാൻസിസ് ജോർജ് എം.പി. നിര്‍ദേശിച്ചു.

ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ  അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം. പി. സന്തോഷ് കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്‍റണി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി. എ. അമാനത്ത്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതിനിധി മോഹൻ കെ. നായർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.