മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിംഗ് സെന്‍ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതി; നിരക്കുകൾ പ്രദർശിപ്പിക്കണ


കോട്ടയം: മെഡിക്കൽ കോളജ് പരിസരത്ത്  പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിംഗ് സെന്‍ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.

അമിത ചാർജ് ഈടാക്കുന്ന സ്ഥാപനങ്ങളെ മെഡിക്കൽ കോളേജിന്‍റെ സ്കീമുകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം മെഡിക്കൽ കോളേജ് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എല്ലാ സ്ഥാപനങ്ങളിലും നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു.

പല ലാബുകളിലും വ്യത്യസ്തമായ തുകയും അമിത നിരക്കുമാണ് ഈടാക്കുന്നതെന്നും പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായത്. കോട്ടയം മെഡിക്കൽ കോളേജിൽ സേവനങ്ങൾക്കായി ഇ-പോസ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികൾ പരിശോധിച്ചുവരികയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ  അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം. പി. സന്തോഷ് കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്‍റണി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി. എ. അമാനത്ത്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതിനിധി മോഹൻ കെ. നായർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.