കരയിച്ച് സവാള വില! അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു സവാള വില കുതിക്കുന്നു, ഒരു മാസത്തിനിടെ 35 രൂപയുടെ വർദ്ധനവ്.


കോട്ടയം: അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു സവാള വില കുതിക്കുന്നു. വിപണിയിൽ 60 രൂപ മുതൽ 80 രൂപ വരെയെത്തി. ഓണം കഴിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സവാളയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

 

 ചെറിയ ഉള്ളിയുടെയും വില കൂടുകയാണ്. സ്ഥിതി തുടർന്നാൽ സവാള വില 100 കടക്കുമെന്നാണ് വ്യാപാരികളുടെ നിഗമനം. വില ഉയരുന്നതോടെ അടുക്കളയിൽ നിന്നും സവാള അപ്രത്യക്ഷമായി തുടരുകയാണ്. ഹോട്ടലുകളും കേറ്ററിംഗ് യൂണിറ്റുകളും വില വർധനവിൽ പ്രതിസന്ധിയിലാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന സവാളയുടെ വിലയാണ് ഇപ്പോള്‍ ഇരട്ടിയായിരിക്കുന്നത്.

 

 ലഭിക്കുന്ന ചാക്കില്‍ പകുതിയോളം വില്‍പ്പനയ്ക്ക് വയ്ക്കാന്‍  കഴിയാത്ത വിധം അഴുകിയതാണെന്നും ഇത് വലിയ സാമ്പത്തിക നഷ്ട്ടമുണ്ടാകുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.