കുട മറക്കല്ലേ ഇന്നും മഴയുണ്ട്! കോട്ടയം ജില്ലയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്.


കോട്ടയം: കഠിനമായ ചൂടിനാശ്വാസമായി ജില്ലയിൽ ഇന്നലെ പെയ്ത് തകർപ്പൻ മഴയ്ക്ക് തുടർച്ചയായി ഇന്നും നാളെയും ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചത്.

ജില്ലയുടെ മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. ഇന്നും നാളെയും കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ(20-09-2026 07:00 AM) കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി സെപ്റ്റംബർ 21-ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂന മർദ്ദമായും സെപ്റ്റംബർ 22-ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തി പ്രാപിക്കുന്ന അതിതീവ്ര ന്യുനമർദ്ധം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താൻ വളരെ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Next
This is the most recent post.
Previous
Older Post