കോട്ടയം: കഠിനമായ ചൂടിനാശ്വാസമായി കോട്ടയം ജില്ലയുടെ മലയോര മേഖലകളെ തണുപ്പിച്ചു ഉച്ചക്ക് ശേഷം ലഭിച്ചത് ശക്തമായ മഴ. ഇന്ന് ഉച്ചക്ക് ശേഷമാണ് മഴ ശക്തമായത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ തിങ്കളാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി,മുണ്ടക്കയം,എരുമേലി,മണിമല,മുക്കൂട്ടുതറ തുടങ്ങി ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ഉച്ചക്ക് ശേഷം ലഭിച്ചത്.
ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.