ഏറ്റുമാനൂർ: കോട്ടയത്ത് സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത വിദ്യാർത്ഥി അറസ്റ്റിൽ. ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിലെ ബി ടെക് വിദ്യാർഥി അജ്മൽ മുഹമ്മദാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ പരാതിയിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. തുടർന്ന് ഇന്ന് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

 നാടിനെയും സഹപാഠികളെയും ഞെട്ടിച്ചു കൊച്ചിക്ക് പിന്നാലെ മോർഫിംഗ് കോട്ടയത്തും. നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് അജ്മൽ. സംഭവത്തിൽ അജ്മലിന്റെ ലാപ്ടോപ്പും ഫോണും പോലീസ്  കസ്റ്റഡിയിലെടുത്തു. ക്ലാസിലെ കുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. ഇയാൾ ഏറ്റവും പുതിയ മോഡൽ ഫോണാണ് ഉപയോ​ഗിച്ചിരുന്നത്.

 

 അതിനാൽ തന്നെ ഫോട്ടോയെടുക്കാനായി ഇയാളെ മിക്കവരും സമീപിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന മൊഴി. ക്യാംപുകളിൽ പങ്കെടുക്കുന്ന സമയത്തും കോളേജ് പരിപാടികളിലൂടെ മറ്റ് കോളേജുകളിലെ കുട്ടികളുടെ അടക്കം ചിത്രങ്ങൾ ഇയാൾ എടുത്തിട്ടുണ്ട് എന്നാണു വിവരം. പ്രൊജക്റ്റ് വര്‍ക്കിന് വേണ്ടി ലാപ്‌ടോപ് എടുത്ത മറ്റൊരു വിദ്യാര്‍ഥിയാണ് ചിത്രങ്ങള്‍ കണ്ടത്.

 

 സഹപാഠികളുടെയും സീനിയർ വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്തു സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വിദ്യാർത്ഥികൾ ഇത് പരസ്പരം അറിയിക്കുകയും മാതാപിതാക്കളെ അറിയിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. ചിത്രങ്ങള്‍ മറ്റാര്‍ക്കും അയച്ചിട്ടില്ലെന്നും ഫോണിലും ലാപ്‌ടോപിലും സൂക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ലാപ്‌ടോപ് കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഏറ്റുമാനൂർ പോലീസ് അറിയിച്ചു. വിദ്യാർത്ഥികൾ കോളേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ ഫോണിലും ലാപ്‌ടോപ്പിലുമായി ആയിരത്തിലധികം ചിത്രങ്ങൾ ഉണ്ടായിരുന്നു എന്നാണു വിദ്യാർത്ഥികൾ പറയുന്നത്. സംഭവത്തിൽ 7 വിദ്യാർത്ഥികളാണ് പരാതി നൽകിയിരിക്കുന്നത്. സഹപാഠികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തും ഇയാൾ ചിത്രങ്ങൾ എടുത്തിരുന്നു.

Next
This is the most recent post.
Previous
Older Post