പാർട്ടിക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് തിരുത്തണം: പി സി ജോർജ്.


മണിമല: പാർട്ടിക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് തിരുത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി സി ജോർജ്. സിപിഎം വാർഡ് മെമ്പർ മെമ്പർ ഉൾപ്പെടുന്ന സംഘം കൊലപ്പെടുത്തിയ വൈക്കുന്നേൽ ഷിബുവിന്‍റെ വീട് സന്ദർശിച്ചു ബന്ധുക്കളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ജോർജ്ജ്.

ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് റോയി ചാക്കോയും പിസിയ്‌ക്കൊപ്പമുണ്ടായിരുന്നു. അതിദാരുണമായ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും എന്തിനും ഏതിനും ഉത്തരേന്ത്യയിലേക്ക് തല തിരിക്കുന്ന സാംസ്കാരിക നായകരും മാധ്യമങ്ങളും കപട ദളിത്‌ സ്നേഹത്തിന്‍റെ മുഖംമൂടി അഴിച്ചുവെച്ച് പാർട്ടിക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് തിരുത്തുക തന്നെ വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മണിമല പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ ജോജി ജോൺ (ജോപ്പൻ) ഉൾപ്പടെയുള്ള ആറംഗ സംഘമാണ് ഷിബുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സിപിഎം മണിമല പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറായ ജോജി ജോൺ(43), നിഖിൽ അയ്യപ്പൻ(25), ഷിബിൻ സാം(26), അമൽ രാജ്(19), ജോബിൻ രാജൻ(28), കിരൺ(21) എന്നിവരെ മണിമല പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് മരണകാരണം വ്യക്തമായത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക അവയവങ്ങൾക്കുണ്ടായ തകർച്ചയുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിമല പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇത് ഒരു കുടുംബത്തിന്‍റെ മാത്രം വേദനയല്ലെന്നും നീതിയിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യന്‍റെയും മനസ്സിനെ മുറിവേൽപ്പിക്കുന്ന സംഭവമാണെന്നും ഷിബുവിന്‍റെ കുടുംബത്തിനൊപ്പം നിന്ന് നീതിക്കായി പോരാടുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ഹരിലാൽ,സി കെ രാധാകൃഷ്ണൻ, രഞ്ജിത്ത്, അശ്വതി ദേവി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.