കോട്ടയം: അതിശക്തമായ മഴയിലും മണ്ണിടിച്ചിലും വീണ്ടും ദുരന്തം വിതച്ചതോടെ കോട്ടയം ജില്ലയുടെ മലയോര മേഖല ഭീതിയിലാണ്. കഴിഞ്ഞ മാസം ആദ്യമുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപ് വീണ്ടുമെത്തിയ ദുരന്തത്തിൽ ഭീതിയോടെയാണ് കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ. അതിശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇന്നലെ നഷ്ടമായത് 2 ജീവനുകളാണ്.
ഓഗസ്റ്റിലെ പെരുമഴയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പെരിങ്ങുളത്ത് പയ്യാനിത്തോട്ടത്തിലാണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു അമ്മയും മകനും മരണപ്പെട്ടത്. ഇന്നലെ പെരിങ്ങുളം ഉറവപ്ലാവിൽ ആണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ഗൃഹനാഥൻ മരണപ്പെട്ടത്. രണ്ട് തവണ ഒരേ പഞ്ചായത്ത് പരിധിക്കുള്ളിൽ അടുത്തടുത്തായി ദുരന്തമുണ്ടായതിന്റെ ഭീതിയിലാണ് മേഖലയിലെ ജനങ്ങൾ. മണക്കാട്ട് ജോണിയുടെ മകന്‍ ജോസഫിൻ ജോണി, ഭാര്യ റെജീന എന്നിവരാണ് ഓഗസ്റ്റ് ഒന്നിനുണ്ടായ ദുരന്തത്തിൽ മരിച്ചത്.
പെരിങ്ങുളം ഉറവപ്ലാവിൽ ചേലകാട്ട് ജോസഫ് (അപ്പച്ചൻ–80) ആണ് ഇന്നലെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. വീടിനു പിന്നിലെ മൺതിട്ട ഇടിഞ്ഞുവീണാണ് ഇന്നലെ അപകടം ഉണ്ടായത്. തീക്കോയി,തലനാട്,പൂഞ്ഞാർ, അടിവാരം,വാഗമൺ മേഖലയിൽ ആണ് ഇന്നലെ വൈകുന്നേരത്തോടെ അതിശക്തമായ മഴ പെയ്തത്. തീക്കോയി-വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ 2 കാറുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിഞ്ഞുവീണ് വിനോദ സഞ്ചാരിയായ യുവതിയും മരണപ്പെട്ടു. തമിഴ്നാട് ചെന്നൈ സ്വദേശിനി സംഗീത അരുൾലാൽ(35) ആണ് മരിച്ചത്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം. അതിശക്തമായ മഴയിൽ മീനച്ചിലാറ്റിൽ രാത്രി ജലനിരപ്പ് ഉയർന്നിരുന്നു. പാലാ– ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലം, അമ്പാറ മേഖലകളിൽ റോഡിൽ വെള്ളം കയറിയെങ്കിലും രാവിലെ വെള്ളമിറങ്ങിയിരുന്നു.
മംഗളഗിരി– മാർമല അരുവി റോഡിൽ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്ത 2 ബൈക്കുകൾ മണ്ണിനടിയിലായി. പൂഞ്ഞാർ മേഖലയിലാണ് ഇന്നലെ പെയ്ത അതിശക്തമായി പെയ്ത മഴയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇന്നലെ രാത്രി 9 മണി വരെയുള്ള കണക്കുകൾ പ്രകാരം പൂഞ്ഞാർ മണിയംകുന്ന് 226 മില്ലീമീറ്റർ, വാഗമൺ 219 മില്ലീമീറ്റർ, വെള്ളികുളം 178.3 മില്ലീമീറ്റർ, തീക്കോയി 141.6 മില്ലീമീറ്റർ, പൂഞ്ഞാർ കടലാടിമറ്റം 144 മില്ലീമീറ്റർ, പെരിങ്ങുളം 115 മില്ലീമീറ്റർ, തലപ്പലം 102 മില്ലീമീറ്റർ മഴയുമാണ് ലഭിച്ചത്.
മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫും ഭാര്യ കുഞ്ഞുഞ്ഞുമ്മയും അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി.
ഇവരെ സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിഞ്ഞുവീണ് ആണ് വിനോദ സഞ്ചാരിയായ സംഗീത മരണപ്പെട്ടത്. സംഗീതയ്‌ക്കൊപ്പമുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്താൻ സാധിച്ചതായാണ് വിവരം. തുടർച്ചയായി ഒരേ മേഖലയിൽ വീണ്ടും മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ദുരന്തം വിതയ്ക്കുന്നതോടെ ഭീതിയിലാണ് മേഖലയിലെ ജനങ്ങൾ.