മുണ്ടക്കയം: ഒരുമിച്ചു മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ മുണ്ടക്കയം ഇളംകാട് സ്വദേശിയെ ബന്ധു കമ്പി വടിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് പനമൂട്ടിൽ വീട്ടിൽ ബിനു പി വി(50) ആണ് കൊല്ലപ്പെട്ടത്.
പെരുവന്താനം പുല്ലുപാറ ഭാഗം മുറിഞ്ഞപുഴ തോലമ്മാക്കൽ വീട്ടിൽ തങ്കച്ചൻ റ്റി ഡി (60) ആണ് അറസ്റ്റിൽ ആയത്. പുല്ലു പാറയിലെ വീട്ടിൽ ബന്ധുവായ തങ്കച്ചനോടൊപ്പം മദ്യപിക്കുന്നതിനിടയിൽ തർക്കം ഉണ്ടാവുകയും തർക്കത്തിനൊടുവിൽ ബിനു അടിയേറ്റു മരിക്കുകയുമായിരുന്നു.
ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് പ്രതി തന്റെ വീടിനുള്ളിലെ കട്ടിലിനടിയിൽ കിടന്ന കമ്പി വടി എടുത്ത് ബിനുവിന്റെ തലയുടെ പിന്നിൽ അടിച്ചും കുത്തിയും ഗുരുതര പരിക്കേൽപ്പിച്ച് ബിനുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ബിനു മരണപ്പെട്ടതായി അറിയാതെ ഫയര്‍ഫോഴ്സിനെയും പോലീസിനെയും ആംബുലൻസിനായി പ്രതി തന്നെ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് ബിനു മരണപ്പെട്ടുകിടക്കുകയാണെന്നുള്ള വിവരം പോലീസിനെ വിളിച്ചറിയിച്ചത്.
സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ഒളിവിൽ പോകാൻ ശ്രമിച്ച തങ്കച്ചനെ പെരുവന്താനം പോലീസ് വളരെ വേഗത്തിൽ പിടികൂടുകയായിരുന്നു.