മണിമല കറിക്കാട്ടൂരിൽ യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ 6 പേർ അറസ്റ്റിൽ.


മണിമല: മണിമല കറിക്കാട്ടൂരിൽ യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കറിക്കാട്ടൂർ സ്വദേശി വൈക്കുന്നേൽ വീട്ടിൽ ഷിബു ഖാൻ (48)നെ ആണ് കഴിഞ്ഞ ദിവസം വീടിന് സമീപത്തുള്ള റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ മണിമല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി ഷിബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സിപിഎം മണിമല പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറായ ജോജി ജോൺ(43), നിഖിൽ അയ്യപ്പൻ(25), ഷിബിൻ സാം(26), അമൽ രാജ്(19), ജോബിൻ രാജൻ(28), കിരൺ(21) എന്നിവരെ മണിമല പോലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്കേറ്റ ക്ഷതമാണ് ഷിബു ഖാന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവ ദിവസം ജോജി ജോണും സംഘവും ചേർന്ന് ഷിബുവിനെ മർദിച്ചതായും നാട്ടുകാരിൽ ചിലർ സംഭവം കണ്ടിരുന്നതായും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

ബുധനാഴ്ച പുലർച്ചെ ഷിബു ഖാനും സുഹൃത്ത് കുഞ്ഞുമോനും മദ്യപിച്ചിരിക്കവെ ജോജി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വാക്കുതർക്കത്തിലും തുടർന്ന് മർദ്ദനത്തിലും കലാശിക്കുകയുമായിരുന്നു. പ്രതികളുടെ ആക്രമണത്തിൽ ഭയന്നോടിയ ഷിബുവിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതേസമയം സംഭവത്തിന് ശേഷം കാണാതായ സുഹൃത്ത് കുഞ്ഞുമോനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.