മഴ മുന്നറിയിപ്പിനൊപ്പം ഉയർന്ന താപനില മുന്നറിയിപ്പും! സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.


തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചെങ്കിലും ചൂട് കുറയുന്നില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിലായി പകൽ അന്തരീക്ഷ താപനില ഉയരുകയാണ്.ജില്ലയിലും ചൂട് കൂടി വരികയാണ്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അതേസമയം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കൊറ്റയം ജില്ലയിൽ ഇന്നും നാളെയും ഞായറാഴ്ചയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു.