പാലാ: പാലാ നിയോജക മണ്ഡലം യുഡിഎഫ് എംഎൽഎ മാണി സി കാപ്പനെതിരായ ചെക്ക് കേസിൽ യുഡിഎഫ് പ്രതിരോധത്തിൽ. കേസിൽ കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചതോടെ പാലായിൽ മാണി സി കാപ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്.

വൈകിട്ട് എംഎൽഎ ഓഫിസിലേക്ക് മാർച്ചും പ്രതിഷേധ പരമ്പരയുണ്ടാകുമെന്ന് കേരള കോൺഗ്രസ് എം വ്യക്തമാക്കിയിട്ടുണ്ട്. മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യം ശക്തമാവുകയാണ്. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിലെ കോടതി വിധിയിൽ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികൾ തടയാൻ അപ്പീലിനൊരുങ്ങുകയാണ് മാണി സി കാപ്പൻ.

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് മാണി സി കാപ്പനെതിരെ കോടതി വിധി വന്നത്. മുംബൈ വ്യവസായിയും പ്രവാസി മലയാളിയുമായ ദിനേഷ് മേനോനാണ് മാണി സി കാപ്പനെതിരെ പരാതി നൽകിയത്. 2013-ൽ നൽകിയ നാല് ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് കേസുകൾ ഫയൽ ചെയ്യുകയായിരുന്നു. 4 ചെക്കു കേസുകളിൽ ഓരോ വർഷം വീതം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരേ കാലയളവിൽ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നാണ് പ്രാഥമിക നിഗമനം. അങ്ങനെയെങ്കിൽ 4 കേസുകളിൽ കൂടി ശിക്ഷാ കാലയളവ് ഒരു വർഷം മാത്രമാണെങ്കിൽ എംഎൽഎ സ്ഥാനത്തിന് ഉടൻ അയോഗ്യത ഉണ്ടാകാൻ സാധ്യതയില്ല. 1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്‌ഷൻ 138 പ്രകാരമാണ് മാണി സി.കാപ്പനെ ശിക്ഷിച്ചിരിക്കുന്നത്. ആദ്യ ചെക്കു കേസിൽ മാണി സി.കാപ്പന് ഒരു വർഷത്തെ സാധാരണ തടവുശിക്ഷയും 1.20 കോടി നഷ്ടപരിഹാരവും വിധിച്ചു. ഇന്നു മുതൽ തുക അടച്ചു തീർക്കുന്നതുവരെ പ്രതിവർഷം 9 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം ഈ തുക നൽകണം. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം. രണ്ടാമത്തെ കേസിൽ ആറ് മാസം സാധാരണ തടവും 70 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ. ഇതിനും പ്രതിവർഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം നൽകേണ്ടതുണ്ട്. തുക നൽകിയില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. മൂന്നാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. ഉത്തരവ് തീയതി മുതൽ പ്രതിവർഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം അടയ്ക്കേണ്ട ഈ തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക സാധാരണ തടവ് അനുഭവിക്കണം. നാലാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. കാബിനറ്റ് പദവിയിലേക്ക് അടക്കം പരിഗണിക്കുന്ന മാണി സി കാപ്പനെതിരെയാണ് ഇപ്പോൾ ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത് എന്നതിനാൽ ഇനി കാബിനറ്റ് റാങ്ക് ലഭിക്കുമോ എന്നുള്ളതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
