കോട്ടയം: തുച്ഛമായ വിലയിൽ സാധാരണക്കാർക്ക് ഉച്ചക്ക് വയറു നിറയെ ഭക്ഷണം നൽകിയിരുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ജില്ലയിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ.
ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി നിരക്കിലുള്ള അരി വിതരണം നിർത്തിയതും വിലക്കയറ്റവും സർക്കാരിൽനിന്നും തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട സഹായങ്ങൾ മുടങ്ങിയതുമാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ജില്ലയിൽ അടച്ചുപൂട്ടൽ നേരിടുന്നതിന്റെ കാരണം. ജില്ലയിൽ അൻപതോളം കുടുംബശ്രീ ജനകീയ ഹോട്ടലുകളായിരുന്നു വിശപ്പുരഹിത കേരളം സുഭിക്ഷ പദ്ധതി പ്രകാരം ജില്ലയിൽ ആരംഭിച്ചിരുന്നത്.
ചെറിയ തുകയ്ക്ക് ഉച്ചക്ക് ഊണ് ലഭിച്ചിരുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. ഡ്രൈവർമാർ, ലോട്ടറി തൊഴിലാളികൾ നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തുടങ്ങിയവരാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെ കൂടുതലായും ആശ്രയിച്ചിരുന്നത്. സബ്‌സിഡി അരി ലഭിക്കാതെ വന്നതോടെ വിപണിയിൽ നിന്നും കൂടിയ വിലയ്ക്ക് അരി വാങ്ങിയാണ് ഇപ്പോൾ ഭക്ഷണം വിതരണം ചെയ്യുന്നത്.
അരി വില കൂടിയതോടെ കൂടിയ വിലയ്ക്ക് അരി വാങ്ങി കുറഞ്ഞ വിലയ്ക്ക് ഊണ് നൽകുന്നത് പ്രായോഗികമല്ല. അരി വിലയ്ക്ക് പുറമെ ഗ്യാസ്,പച്ചക്കറി, എണ്ണ തുടങ്ങിയ മറ്റു സാധനങ്ങൾക്കെല്ലാം വില ഉയർന്നു. ജില്ലയിൽ ആരംഭിച്ച ഹോട്ടലുകളിൽ ഭൂരിഭാഗവും ഇപ്പോൾ പൂട്ടിയിരിക്കുകയാണ്.
ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹോട്ടലുകൾ പ്രവർത്തനം എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കത്തക്കതായ പ്രതിസന്ധിയിലാണ്. സർക്കാർ എത്രയും വേഗം ഇടപെട്ടു നിർത്തിവച്ച സഹായം പുനസ്ഥാപിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ പിന്തുണ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് എല്ലാവരുടെയും ആവശ്യം.