പകർച്ചപ്പനി പിടി മുറുക്കുന്നു; ജില്ലയിൽ ദിവസേന ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഉയരുന്നു, പകർച്ചപ്പനിക്ക് പുറമേ ഡെങ്കപ്പനിയും എലിപ്പനിയും തക്കാളിപ്പനി


കോട്ടയം: കാലാവസ്ഥയിലുണ്ടായ മാറ്റവും അന്തരീക്ഷ താപനിലയിൽ പെട്ടെന്നുണ്ടായ വർദ്ധനവും ജില്ലയിൽ ആരോഗ്യ പ്രശനങ്ങൾ സൃഷ്ടിക്കുന്നു. ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പകർച്ചപ്പനി പിടി മുറുക്കുകയാണ്.

ജില്ലയിൽ ദിവസേന പനി ബാധിച്ചു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഉയരുകയാണ്. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രതിദിനം നൂറിലധികം രോഗബാധിതരാണ് ചികിത്സ തേടിയെത്തുന്നത്. പകർച്ചപ്പനിക്കൊപ്പം ഡെങ്കപ്പനിയും എലിപ്പനിയും ചിക്കുൻഗുനിയയും തക്കാളിപ്പനിയും വ്യാപകമാകുന്നുണ്ട്. കുട്ടികളിലാണ് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശക്തമായ പണി,ശരീര വേദന, ചുമ,ജലദോഷം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

വൈറൽപ്പനി ബാധിക്കുന്നവർ ഒരാഴ്ചയിലധികം പനിച്ചു കിടക്കുന്ന അവസ്ഥയിലാണ്. മൂന്നു ഡോസ് മരുന്നിലും പനി പൂർണ്ണമായും വിട്ടുമാറാത്തവരുമുണ്ട്. പനി കുറയുന്നതോടെ എത്തുന്ന ക്ഷീണവും ചുമയും വിട്ടുമാറാൻ ദിവസങ്ങളെടുക്കും. പനി വിട്ടുമാറിയതിനു പിന്നാലെ വീണ്ടും പനി ബാധിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇൻഫ്ലുവൻസ/വൈറൽ പനി:

കടുത്ത ശരീരവേദന, കുളിര്, തൊണ്ടവേദന, വിട്ടുമാറാത്ത കടുത്ത ചുമ, കഫക്കെട്ട്, കടുത്ത തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പനി മാറിയാലും ചുമയും ശ്വാസകോശ ബുദ്ധിമുട്ടുകളും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന അവസ്ഥയുണ്ട്.

ഡെങ്കിപ്പനി: 

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കണ്ണിന് പിന്നിലെ വേദന, കടുത്ത തലവേദന, പേശിവേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ എത്തുന്നവരിൽ ഭൂരിഭാഗം പേർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്.

എലിപ്പനി: 

മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കാണ് പ്രധാനമായും ബാധിക്കുന്നത്. കാലുകളിലെ പേശികളിൽ (പ്രത്യേകിച്ച് വിജയന പേശികളിൽ) കടുത്ത വേദന, കണ്ണിന് ചുവപ്പുനിറം, ഛർദ്ദി, മനംപുരട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ.

പനി ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടണം. സ്വയംചികിത്സ അരുത്. പനി ബാധിച്ചവർ പൂർണ്ണമായി വിശ്രമിക്കുക, ധാരാളം തിളപ്പിച്ചാറ്റിയ വെള്ളവും ഒപ്പം കഞ്ഞിവെള്ളം, ഇളനീർ തുടങ്ങിയ ദ്രാവകാഹാരങ്ങളും കഴിക്കുക.  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ 'ഡ്രൈ ഡേ' കൃത്യമായി പാലിക്കുക.