കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്! ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കുടുങ്ങി, കുട്ടി കഠിന വേദന അനുഭവിച്ചത് ഒരു വർഷത്തോളം, ആശുപത്രിക്


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ് ആരോപിച്ചു ആശുപത്രിക്കെതിരെ പരാതിയുമായി ദമ്പതികൾ. ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയെന്നാണ് പരാതി.

 

 ഏറ്റുമാനൂർ സ്വദേശിനീ അഞ്ജു വിനീഷാണ് പരാതിക്കാരി. അഞ്ജുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണെന്നാണ് ആരോപണം. കുഞ്ഞ് ഒരു വര്‍ഷത്തോളം വേദന സഹിച്ചെന്നും മാതാപിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു.

 

 കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി. പരാതിയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. ജനനശേഷം മഞ്ഞപ്പിത്തവും പനിയും ബാധിച്ചതിനെ തുടർന്ന് എൻഐസിയുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശരീരത്തിൽ പിന്നീട് അസ്വാഭാവിക തടിപ്പും കടുത്ത വേദനയും അനുഭവപ്പെട്ടിരുന്നു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ സ്കാനിങ്ങിൽ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് അധികൃതർ കുഞ്ഞിനെ മടക്കി അയക്കുകയായിരുന്നു. തടിപ്പുണ്ടായിരുന്ന ഭാഗത്ത് സ്കാനിങ് നടത്തിയിരുന്നില്ലെന്ന് പിന്നീട് കുടുംബം തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സൂചി ശരീരത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തിൽ ഗുരുതര വീഴ്ച ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ, കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനനശേഷം കുട്ടിക്കെടുത്ത കുത്തിവെയ്‌പ്പിൽ വിട്ടുപോയ സൂചിയുടെ ഭാഗമാകാം കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നാണ് കുടുംബം പറയുന്നത്.