കോട്ടയത്ത് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി, അപകടത്തിൽ 6 പേർക്ക് പരിക്ക്.


കോട്ടയം: കോട്ടയത്ത് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ കാണക്കാരി നമ്പ്യാകുളം ജംക്ഷനിൽ പനാമക്കവല പമ്പിന് മുന്നിൽ ആണ് അപകടം ഉണ്ടായത്.

 

 വാഹനാപകടത്തിൽ 6 പേർക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. കോയമ്പത്തൂരിലെ കോളേജിൽ നിന്ന് വാഗമണ്ണിലേക്കെത്തിയ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മിനി മിനി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മിനി ബസെന്നാണ് വിവരം.

 

 അമിത വേ​ഗതയിലാണ് മിനി ബസ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. നിയന്ത്രണം നഷ്ടമായ ഈ ബസ് എതിരെ വരികയായിരുന്ന വിദ്യാർഥികളുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വശത്തുള്ള പോസ്റ്റിലേക്ക് ഇടിച്ചു നിന്നു. ബസിനുള്ളിലുണ്ടായിരുന്ന ആറ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ബസ്സ് റോഡിലേക്ക് കയറ്റിയത്. രണ്ട് ബസ്സുകളും തമിഴ്‌നാട് രജിസ്ട്രേഷനാണ്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.