കോട്ടയം: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ജൂണില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അഞ്ജുവിന്റെ പ്രസവം. ജനനത്തിനു പിന്നാലെ കുഞ്ഞിന് പനിയും, ശരീരത്തിന് മഞ്ഞപ്പും ഉണ്ടായതിനെത്തുടര്‍ന്ന് എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.

അതിനുശേഷമാണ് കുഞ്ഞിന്റെ ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് കുടുംബം ശ്രദ്ധിച്ചത്. കുഞ്ഞിന്റെ വലതുഭാഗത്ത്, വാരിയെല്ലിന്റെ അടുത്തായി എന്തോ ഒന്ന് കൂര്‍ത്ത് ഉള്ളില്‍നിന്ന് തള്ളിനില്‍ക്കുന്നതുപോലെ ആയിരുന്നു അത്. ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് സ്കാനിങ് നടത്തി. സ്കാനിങ്ങില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് അധികൃതര്‍ കുടുംബത്തെ മടക്കിയയച്ചു. പലതവണ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും കുഴപ്പം ഇല്ലെന്ന മറുപടി ആവര്‍ത്തിക്കപ്പെട്ടു. രണ്ടു മാസം മുമ്പ്, തടിപ്പ് വീണ്ടും വലുതായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ വാരിയെല്ലിനു സമീപത്തായുള്ളത് സൂചിയാണെന്ന് മനസിലായത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി പുറത്തെടുത്തത്. കുട്ടിയുടെ ചികിത്സയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ജു ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. എന്നാൽ ചികിൽസക്കിടെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറും. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ആരോഗ്യമന്ത്രിക്കും ഗാന്ധിനഗർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത സൂചിയുടെ ശാസ്ത്രീയ പരിശോധനകൾ ഒന്നും തന്നെ നടത്താതെയാണ് അന്വേഷണ സംഘം റിപ്പോർട്ട് ഇപ്പോൾ കൈമാറുന്നത്.
