ലഹരിക്കെതിരെ കേരള പോലീസ് മാരത്തോണിന് കോട്ടയത്ത് ആവേശോജ്ജ്വല സ്വീകരണം.


കോട്ടയം: “YES TO SPORTS, NO TO DRUGS” എന്ന മുദ്രാവാക്യമുയർത്തി 47-ാമത് കേരള സംസ്ഥാന പോലീസ് കായികമേളയുടെ മുന്നോടിയായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള പോലീസ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ മാരത്തോണിന് ഇന്നലെ കോട്ടയത്ത് ആവേശോജ്ജ്വല സ്വീകരണം നൽകി. ജില്ലാ അതിർത്തിയിൽ സ്വീകരിച്ച ദീപശിഖ പ്രയാണത്തിന് വൈക്കത്ത് ഉജ്വലമായ സ്വീകരണം സംഘടിപ്പിച്ചു.

ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു. കോട്ടയത്ത് എത്തിയ ദീപശിഖയെ ജില്ലാ പോലീസ് മേധാവി സാബു മാത്യു സ്വീകരിച്ച് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും തിരുനക്കര ക്ഷേത്ര മൈതാനം വരെ ജില്ലാ പോലീസ് മാരത്തൺ സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലുള്ള കായികതാരങ്ങളും യുവജനങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ മാരത്തണിൽ പങ്കാളികളായി. കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ദ്രോണാചാര്യ പുരസ്കാര ജേതാവ് കെ. പി. തോമസ് മാഷ് ദീപശിഖ ഏറ്റുവാങ്ങി. ഏറ്റുമാനൂർ എം.എൽ.എ. നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു സ്വാഗതം ആശംസിച്ചു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ലഹരിവിരുദ്ധ സന്ദേശം നൽകുകയും യുവതലമുറ കായികരംഗത്തേക്ക് കൂടുതൽ സജീവമായി കടന്നുവരേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. സിനിമാ ആർട്ടിസ്റ്റ് രഞ്ജി പണിക്കർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സമ്മേളനത്തിൽ എംഎൽഎ മാരായ മാണി സി. കാപ്പൻ, റോണി കെ. ബേബി,  സെബാസ്റ്റ്യൻ എം.ജെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, മുനിസിപ്പൽ ചെയർമാൻ എം. പി. സന്തോഷ്കുമാർ എന്നിവർ ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ചലച്ചിത്ര സംവിധായകൻ ജയരാജ്, മാക്ട ചെയർമാൻ ജോഷി മാത്യു, സിനിമാ ആർട്ടിസ്റ്റുമാരായ രഞ്ജി പണിക്കർ, ശരത് ദാസ്, കലാ സംവിധായകൻ ആർട്ടിസ്റ്റ് സുജാതൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സിതാര എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. ജയിൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വനം വകുപ്പ്, എക്സൈസ് വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും പരിപാടിയുടെ ഭാഗമായി. വിശിഷ്ടാതിഥികളായി നിർമ്മൽ ബോസ് ഡിവൈഎസ്പി, SSB, പി. എൻ. രമേശ് കുമാർ എസ്പി, ക്രൈംബ്രാഞ്ച്, ബിനു ആർ., സൂപ്രണ്ട് ഓഫ് പോലീസ്, VACB, അവിനാഷ് ജെ. മാത്യു, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്, അമൽ ലാലു, JCI പ്രസിഡന്റ് എന്നിവരും പങ്കെടുത്തു. സിഎംഎസ് കോളേജ് എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പരിപാടിക്ക് കൂടുതൽ ആവേശം പകർന്നു. തിരുനക്കരയിലെ സമ്മേളനത്തിനുശേഷം ദീപശിഖ യാത്ര ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ടു. അവിടെ ദീപശിഖയ്ക്ക് അതിഗംഭീര സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് ജില്ലാ അതിർത്തിയിൽ വെച്ച് ദീപശിഖ പത്തനംതിട്ട ജില്ലയ്ക്ക് കൈമാറി. കായികരംഗത്തെ പ്രോത്സാഹിപ്പിച്ചും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കണമെന്ന ശക്തമായ സന്ദേശം ഉയർത്തിക്കൊണ്ടുമായിരുന്നു കോട്ടയത്ത് നടന്ന ലഹരിവിരുദ്ധ മാരത്തണും സമാപന സമ്മേളനവും. പരിപാടിക്ക് ഡിവൈഎസ്പി ശ്രീജിത്ത് യു. കൃതജ്ഞത രേഖപ്പെടുത്തി. ദീപശിഖ മാരത്തണിന്റെ ജില്ലയിലെ പരിപാടികൾ കൃത്യമായി ഏകോപിപ്പിച്ചത് കോട്ടയം ജില്ല അഡീഷണൽ എസ്പി സജീവ് .കെ ആണ്.