കടുത്തുരുത്തി: മരണക്കെണിയാകുന്ന കടുത്തുരുത്തി ബൈപ്പാസിന്റെ നിർമ്മാണത്തിലെ അപാകതകളും സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറി റ്റി. എസ് ശരത്ത് ഉദ്ഘാടനം ചെയ്തു.

ബൈപ്പാസിലേക്ക് മുട്ടുചിറയിൽ നിന്നുള്ള വഴി വന്നുചേരുന്ന ഐ.ടി.സി ജംഗ്ഷനിൽ ഒരു റൗണ്ട് എബൗട്ടോ ട്രാഫിക് സിഗ്നലോ വേണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. എന്നാൽ ഈ ആവശ്യം എംഎൽഎ മോൻസ് ജോസഫും ഉദ്യോഗസ്ഥരും അവഗണിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പലപ്പോഴായി നിരവധി അപകടങ്ങളാണ് മേഖലയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസവും ബൈപ്പാസിന്റെ ആരംഭത്തിൽ ഉണ്ടായ അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 7:30-ന് ഐ.ടി.സി ജംഗ്ഷൻ ഭാഗത്തുള്ള ബൈപ്പാസ് റോഡിലുണ്ടായ അപകടത്തിൽ മങ്ങാട് അരിക്കത്തിൽ സജീവന്റെ ഭാര്യ സിന്ധു (50) ആണ് മരിച്ചത്. ചതയദിന റാലി കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറിൽ മടങ്ങവെ പിന്നിൽ നിന്നെത്തിയ അജ്ഞാത വാഹനം ഇവരെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോവുകയായിരുന്നു. റോഡിൽ തലയടിച്ചുവീണ സിന്ധുവിനെ ഉടൻ തന്നെ മുട്ടുചിറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭർത്താവ് സജീവൻ ചികിത്സയിലാണ്. അപകടം ഉണ്ടാക്കി നിർത്താതെ പോയ വാഹനം കണ്ടെത്താൻ തക്കവണ്ണം കടുത്തുരുത്തി ബൈപാസിൽ സി.സി.ടി.വി ഒന്നും തന്നെ സ്ഥാപിച്ചിരുന്നില്ല. തുടർച്ചയായി അപകടങ്ങൾ നടക്കുന്ന ഈ ബൈപ്പാസ് കവലയിൽ അടിയന്തരമായി റൗണ്ടാനയോ സിഗ്നൽ സംവിധാനമോ ഏർപ്പെടുത്തി കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നാണ് ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ശക്തമായ ആവശ്യം. റോഡിന്റെ തെറ്റായ നിർമ്മാണവും ബൈപ്പാസുമായുള്ള ശരിയായ അലൈൻമെന്റ് ഇല്ലായ്മയും ഗൗരവമായി പരിശോധിക്കേണ്ടതാണ്. ജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും മുൻനിർത്തി ഈ വിഷയത്തിൽ പിഡബ്ള്യുഡി വകുപ്പും ബന്ധപ്പെട്ട എംഎൽഎ യും ഉത്തരവാദിത്തം ഏറ്റെടുത്ത് അടിയന്തരമായി ഇടപെടണം എന്നും ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
