മണർകാട് പള്ളിയിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ: പൊതുസമ്മേളനം നാളെ മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്യും.


മണർകാട്: മണർകാട് പള്ളിയിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന്റെ അഞ്ചാം ദിവസമായ നാളെ പൊതുസമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉത്‌ഘാടനം ചെയ്യും.

 

 മണർകാട് സെന്റ്.മേരീസ് കോളേജിൽ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെയും മണർകാട് ഇന്ഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്ലസ് ടു കോഴ്‌സുകൾക്കായി നിർമ്മിച്ച ബ്ലോക്കിന്റെയും മണർകാട് സെന്റ്.മേരീസ് ഹോസ്പിറ്റലിന്റെ നവീകരിച്ച കാഷ്വാലിറ്റിയുടെയും ഉത്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും.

 

 മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്തുവാൻ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കത്തീഡ്രൽ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രഭാഷണം നടത്തും. ചടങ്ങിൽ ഫ്രാൻസീസ് ജോർജ് എം പി, ചാണ്ടി ഉമ്മൻ എംഎൽഎ, മുൻ മന്ത്രി വി എൻ വാസവൻ, രാഷ്ട്രീയ-മത-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.