കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ വിദ്യാർത്ഥികൾക്കായി ‘ഹോപ് ഫണ്ട് - ഒറ്റത്തവണ മാനുഷിക സഹായം’ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കാൻ സെപ്റ്റംബർ 8ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിവിധ കാരണങ്ങളാൽ അടിയന്തര സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
നിലവിലെ വിദ്യാർത്ഥി സഹായനിധി വഴി പരമാവധി പതിനായിരം രൂപയാണ് നൽകാനാകുന്നത്. എന്നാൽ പുതിയ ഫണ്ടിൽ പരമാവധി തുക ഒരു ലക്ഷം രൂപയാണ്. വാഹനാപകടത്തിനിരയായ സർവകലാശാലയിലെ പി.എച്.ഡി. വിദ്യാർത്ഥിയായ ആനന്ദ് ജോഷി നൽകിയ അപേക്ഷയിൽ ഒരു ലക്ഷം രൂപ അനുവദിക്കാനും സിൻഡിക്കേറ്റ് തീരുമാനമായി. ആനന്ദ് ജോഷിയാണ് ഹോപ് ഫണ്ടിന്റെ ആദ്യ ഗുണഭോക്താവ്. നിലവിലെ വിദ്യാർത്ഥി സഹായനിധിയിൽ പി.എച്.ഡി. ഗവേഷകർ ഉൾപ്പെട്ടിരുന്നില്ല.
പഠന കാലയളവിൽ ഒറ്റത്തവണ മാത്രമേ ഹോപ് ഫണ്ട് സ്വീകരിക്കാൻ ഒരു വിദ്യാർത്ഥിക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ. അക്കാദമിക് പ്രകടനം, പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ സർവകലാശാല പരിശോധിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കൂടരുത്. അതേ കാര്യത്തിനായി ഇൻഷുറൻസ് തുക കൈപ്പറ്റാനും പാടുള്ളതല്ല. സിൻഡിക്കേറ്റിന്റെ സ്റ്റുഡന്റ് വെൽഫയർ ആന്റ് ഗ്രീവൻസസ് സ്റ്റാന്റിംഗ് കമ്മറ്റിയുടെ മുൻകൈയിലാണ് പുതിയ പദ്ധതി തയ്യാറാക്കിയത്.
വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂതു അധ്യക്ഷത വഹിച്ച സിൻഡിക്കേറ്റ് യോഗത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. തോമസ് കുരുവിള, പ്രൊഫ. പി.കെ. മോഹൻരാജ്, ഡോ. ജോബിൻ ജോസ്, ഡോ. അൽസൺ മാർട്ട്, ഡോ. മജോ. വി. കുരിയാക്കോസ്, ഡോ. രാജേഷ് കോമത്ത്, അഡ്വ. കെ. എം. മിജാസ്, ഡോ. ആതിര പ്രകാശ്, പ്രൊഫ. (ഡോ.) റോബിനെറ്റ് ജേക്കബ്, പ്രൊഫ. (ഡോ.) ആർ. വസന്തഗോപാൽ,
പ്രൊഫ. (ഡോ.) പ്രമോദ് ഗോപിനാഥ്, ഡോ. ഗിരീഷ് കുമാർ ജി. എസ്., ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ, ഡോ. ഷഹവാസ് ഷെരീഫ് പി., ഡോ. റെജിമോൻ പി. കെ., അബ്ദുൽ ലത്തീഫ്, എം. എൽ. എ. മാത്യു കുഴൽനാടൻ, ആൻ സെബാസ്റ്റ്യൻ, രജിസ്ട്രാർ ബിനു ജോർജ് വർഗീസ്, സംസ്ഥാന ഫിനാൻസ് വകുപ്പ് അഡീഷണൽ സെക്രട്ടറി കെ. അനിൽ കുമാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പ്രതിനിധി ഡാർലി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.