തദ്ദേശ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കോട്ടയം; മൂന്നു മുന്നണികൾക്കും സ്ഥാനാർഥികളായി, വോട്ടെടുപ്പ് 28ന്.


ചങ്ങനാശ്ശേരി: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം, മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 3 മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കോട്ടയം കടന്നിരിക്കുകയാണ്.

തൃക്കൊടിത്താനം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന വിനു ജോബ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം, മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലെ അംഗങ്ങളുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. യുഡിഎഫ് അംഗങ്ങളായ ബാബു മാത്യു ഡാണാവുങ്കൽ, പ്രസാദ് നാരായണൻ എന്നിവരായിരുന്നു വാർഡ് അംഗങ്ങൾ.

നാളെയാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. 28 നാണു വോട്ടെടുപ്പ്. ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് സാരഥി വിജയ് ജോസ് മാരേട്ട് (49) ആണ് മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം സാരഥി മഞ്ജു സുജിത് (44) ആണ് മത്സര രംഗത്തുള്ളത്. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെഐ സാരഥി എ.മനോജ് (50) ആണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യ മത്സരമാണ് വിജയ് ജോസ് മാരേട്ടിന്റേത്.

കെ.എം.മാണി ധനമന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. യൂത്ത്ഫ്രണ്ട് (എം) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന വിജയ് ജോസ് മാരേട്ട് കേരള കോൺഗ്രസ് സെക്രട്ടേറിയറ്റ് അംഗം ആണ്. ജില്ലാ പഞ്ചായത്തിലേക്ക് മൂന്നാം മത്സരത്തിനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷയായ മഞ്ജു സുജിത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗമാണ് മഞ്ജു സുജിത്. ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗവും പായിപ്പാട് പഞ്ചായത്തംഗവുമായ എ.മനോജ് ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യമത്സരമാണ് ഇത്. ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറിയാണ് എ.മനോജ്. പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡിൽ അന്തരിച്ച പഞ്ചായത്തംഗം ബാബു മാത്യു ഡാണാവുങ്കലിന്റെ ഭാര്യ ഡെയ്സി ബാബു ഡാണാവുങ്കൽ ആണ് യുഡിഎഫ് സ്ഥാനാർഥി. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ടിന്റു മനോജ് അമ്മു എൻഡിഎ സ്ഥാനാർഥി. മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡിൽ അന്തരിച്ച പഞ്ചായത്തംഗം പ്രസാദ് നാരായണന്റെ ഭാര്യ പ്രീത പ്രസാദ് ആണ് യുഡിഎഫ് സ്ഥാനാർഥി. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രു നാരായണൻ ആണ് എൽഡിഎഫ് സ്ഥാനാർഥി. യുവമോർച്ച അംഗം ഗൗരി ശങ്കർ ആണ് എൻഡിഎ സ്ഥാനാർഥി.

Next
This is the most recent post.
Previous
Older Post