കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്‌മിഷൻ ലഭിച്ചെന്ന് കള്ളം പറഞ്ഞു മാതാപിതാക്കളുമായെത്തിയ യുവതി മുങ്ങി, ഹോസ്റ്റലില്‍ നിന്ന് മുങ്ങിയ യുവതിയെ എറണാകു


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്‌മിഷൻ ലഭിച്ചെന്ന് കള്ളം പറഞ്ഞു മാതാപിതാക്കളുമായെത്തിയ യുവതി മുങ്ങി.  ഹോസ്റ്റലിനുള്ളിലേക്ക് കയറിപ്പോയ യുവതിയെ ഏറെ നേരമായിട്ടും കാണാതായതോടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

മാതാവിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ യുവതിയെ പോലീസ് എറണാകുളത്തു നിന്നും കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ തനിക്ക് എംബിബിഎസ് നു അഡ്മിഷൻ ലഭിച്ചതായും അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ ഹോസ്റ്റലിലെത്തി ജോയിൻ ചെയ്യണമെന്നും എറണാകുളം മേത്തല സ്വദേശിയായ 21 വയസ്സുള്ള യുവതി വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി ബുധനാഴ്ച മാതാപിതാക്കളും ബന്ധുക്കൾക്കുമൊപ്പം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്.

മെഡിക്കല്‍ കോളജിലെത്തിയ ശേഷം മാതാപിതാക്കളെ പുറത്തുനിര്‍ത്തി യുവതി ഹോസ്റ്റലിനുള്ളിലേക്ക് കയറുകയായിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മാതാവ് റസീന ബീവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.

അന്വേഷണത്തിനിടെ യുവതി എറണാകുളത്തെ ഒരു എടിഎം കൗണ്ടറില്‍ കയറിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ തെരച്ചിലിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. യുവതിക്ക് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന്‍ ലഭിച്ചിരുന്നില്ലെന്നും കള്ളം പൊളിയുമെന്ന ഭയത്താലാണ് ഹോസ്റ്റലില്‍ നിന്ന് മുങ്ങിയതെന്ന് അധികൃതരും പൊലീസും വ്യക്തമാക്കി. ഈ യുവതിക്ക് അഡ്മിഷൻ ലഭിച്ചിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരും വ്യക്തമാക്കി.