കോട്ടയം: കാലിഫോർണിയയിലെ ഇരട്ടക്കൊലപാതകത്തിൽ അനില നടത്തിയത് അതിക്രൂര കൊലപാതകങ്ങളെന്ന് പ്രോസിക്യൂട്ടർമാർ. സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ ആണ് കേസില്‍ അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബിയുടെ വിചാരണ നടപടികൾ നടക്കുന്നത്.
തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യ ആൻ മേരി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 2026 ആഗസ്റ്റ് 28-ന് കലിഫോർണിയയിലെ സാനോസെ, മിൽപിറ്റാസ് എന്നീ രണ്ട് നഗരങ്ങളിലായി ഒന്നര മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയതിനാണ് അനിലയ്ക്കെതിരെ കലിഫോർണിയ പീനൽ കോഡ് 187(a) പ്രകാരം രണ്ട് കൊലക്കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
കോട്ടയം സ്വദേശിനിയായ ആൻ മേരിയെ കത്തി ഉപയോഗിച്ച് കുത്തിയും ശ്വാസം മുട്ടിച്ചും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജനയെ ഫ്ലാറ്റിൽ നിന്നും വിളിച്ചിറക്കി സ്വന്തം കാറുപയോഗിച്ച് ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. ആസൂത്രിതവും അതിക്രൂരവുമായ കൊലപാതകങ്ങളാണ് പ്രതി നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അടുത്തറിയാവുന്ന ഉറ്റസുഹൃത്തുക്കളായ രണ്ടു പേരെ എന്തിനു കൊലപ്പെടുത്തി എന്ന ചോദ്യത്തിന് ഇതുവരെയും അനില ഉത്തരം നൽകിയിട്ടില്ല. അതേസമയം 2 കൊലപാതകങ്ങളും അനില കുറ്റസമ്മതം നടത്തിയിട്ടില്ല. കേസില്‍ ആദ്യ ഹിയറിങ് പൂര്‍ത്തിയായി.
കേസ് വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു. അതുവരെ പ്രതി അനില സാന്‍ ക്ലാര ജയിലില്‍ തന്നെ തുടരും. രക്തം, ഡിഎൻഎ എന്നിവ പരിശോധിച്ചതിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ 2 കൊലപാതകങ്ങളുമായും അനിലയ്ക്ക് പൂർണ്ണമായും ബന്ധമുണ്ടെന്നാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സംഭവദിവസം രാവിലെ അനില സാൻ ഹൊസെയിലെ ആൻ മേരിയുടെ വീട്ടിലെത്തി. അപ്രതീക്ഷിതമായി എത്തിയ സന്ദർശകയെ കണ്ടതായി സാക്ഷിമൊഴിയുണ്ട്.
ഈ സമയം അനിലയുടെ ഫോൺ ലൊക്കേഷനുകളും സിസിടിവി യിൽ പതിഞ്ഞ കാറും സംഭവം സ്ഥിരീകരിക്കുന്ന തെളിവാണ്. വീട്ടിൽ വലിയ രീതിയിലുള്ള പിടിവലി നടന്നിട്ടുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ രക്തക്കറ തുടച്ചുമാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ആൻ മേരിയുടെ തലയിലും ശരീരത്തിലും ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കൃത്യം നടത്തിയതിനു ശേഷം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അനില ഡിലീറ്റ് ചെയ്തിരുന്നു.
എന്നാൽ ശരീരത്തിലെ രക്തക്കറയും വീടിനുള്ളിൽ നിന്ന് ലഭിച്ച ചെരിപ്പും അനിലയ്ക്ക് കുരുക്കായി. പിന്നീട് അനിലയുടെ കാറിൽ നിന്നും ആൻ മേരിയുടെ വീട്ടിൽ നിന്നുംകാണാതായ ആൻ മേരിയുടെ ഫോൺ കണ്ടെത്തിയതും കൂടുതൽ തെളിവുകൾ ശക്തമായി. ആദ്യത്തെ കൃത്യത്തിനു ശേഷം മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്മെന്റിലേക്കാണ് അനില എത്തിയത്. അനിലയും അഞ്ജനയും ഇതേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫൽറ്റിനു സമീപമെത്തിയ അനില അഞ്ജനയെ താഴേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
താഴെയെത്തി കാറിനനടുത്തേക്ക് നടന്നു നീങ്ങിയ അഞ്ജനയുടെ അടുത്തേക്ക് അനില പെട്ടെന്ന് കാർ ഓടിച്ചു എത്തുകയായിരുന്നു. അഞ്ജനയെ ഇടിച്ചു തെറിപ്പിച്ചു ഓടിച്ചു കയറ്റുകയായിരുന്നു. മുൻകൂട്ടി നിർത്തിയിട്ടിരുന്ന കാർ ബ്രേക്കിന്റെ യാതൊരു പാടുകളുമില്ലാതെ അതിവേഗത്തിൽ ആക്സിലറേറ്റ് ചെയ്താണ് ഓടിച്ചു കയറ്റിയതെന്നു ശാസ്ത്രീയമായ തെളിവുകളായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മറ്റു വാഹനങ്ങളിലും ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ജന സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.
സംഭവം കണ്ട ദൃക്‌സാക്ഷിയാണ് പോലീസിൽ അറിയിച്ചത്. കുറച്ചകലെയുള്ള പാർക്കിങ്ങിൽ നിന്നുമാണ് കാർ സഹിതം അനിലയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയം അനില പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെങ്കിലും രക്ത പരിശോധനയിൽ മദ്യമോ ലഹരിയോ കണ്ടെത്തിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ബോധപൂർവ്വം ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്.
സിസിടിവിയിൽ പതിഞ്ഞ ചെരിപ്പുകൾ തന്നെയാണ് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അനില ധരിച്ചിരുന്നത്. അനിലയുടെ വസ്ത്രത്തിൽ നിന്നും ശരീരത്തിൽ നിന്നും ശേഖരിച്ച രക്തക്കറകൾ ആൻമേരിയുടെ ആണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ലോസ് ബാനോസിൽ നിന്നുള്ള മലയാളിയായ അറ്റോർണി ഷോൺ മാത്യു ജോർജാണ് അനിലയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. കേസ് വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.