തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികളെന്നും ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി എന്നതാണ് ബാല്യ സ്പന്ദനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പരിശോധന നടത്തി അവസാനിക്കുന്ന സംവിധാനമല്ല ബാല്യസ്പന്ദനം. കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുകയും, ആവശ്യമായ സാഹചര്യങ്ങളിൽ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബാല്യസ്പന്ദനം പദ്ധതിയിലൂടെ കേരളത്തിലെ 33,120 അങ്കണവാടികളിലെയും കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിശോധനകളും തുടർനടപടികളും ഏകോപിപ്പിക്കുന്നത്. കുട്ടികൾക്കായുള്ള വളർച്ച നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം അധ്യക്ഷനായിരുന്ന ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. പൂർണ ആരോഗ്യമുള്ളവരായി അടുത്ത തലമുറയെ വാർത്തെയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് ഏതൊരു സർക്കാരിന്റെയും ചുമതലയാണെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി നൂതനമായ പല പദ്ധതികളും ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ആരോഗ്യമിഷന്റെ ഒരു കോടി 43 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിന് ശേഷം ഐ സി ഡി എസ് വട്ടിയൂർക്കാവ് സെക്ടറിലെ 33 അങ്കണവാടികളിലെ കുട്ടികൾക്ക് വളർച്ച നിരീക്ഷണ പരിശോധന നടത്തി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വി.വിഘ്‌നേശ്വരി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, വനിത -ശിശു വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ. ശില്പ ബാബു തോമസ്, ശിശു ആരോഗ്യം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ജെ.ഡോമി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷിംന വി.എസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക്, ജില്ലാതല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്ത്, കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ശ്രീഹരി എം, ആരോഗ്യം, വനിതാശിശു വകുപ്പ് ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
