പാലാ: പാലാ എംഎൽഎ മാണി സി കാപ്പനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ധാർമ്മികതയുണ്ടങ്കിൽ മാണി സി കാപ്പൻ രാജി വെക്കണം എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോണ്‍ ജോർജ്.

മാണി സി കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും, മുൻകാലങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സമാന സാഹചര്യങ്ങളിൽ രാജി ആവശ്യപ്പെട്ട ചരിത്രമുണ്ട്. ധാർമികമായി ഇനി എന്ത് ചെയ്യണമെന്ന് മാണി സി കാപ്പൻ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ആന്റണി രാജുവിനെതിരെ സമാനമായ ആരോപണമുണ്ടായപ്പോൾ അന്ന് ആന്റണി രാജുവിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവാണ് ഇന്ന് മുഖ്യമന്ത്രിയായി ഇരിക്കുന്നതെന്നും ഇത്തരമൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി വിധി വന്ന പശ്ചാത്തലത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രതിഷേധം നടത്തി രാജി വെപ്പിയ്ക്കേണ്ട ആവശ്യമില്ലെന്നും ഇത് ധാർമികതയുടെ വിഷയമാണെന്നും ധാർമ്മികതയുണ്ടെങ്കിൽ മാണി സി കാപ്പൻ രാജി വെക്കണമെന്നും ഷോൺ ജോർജ് പറഞ്ഞു.
