കോട്ടയം: തങ്ങൾക്കറിയുന്ന സൗമ്യ സ്വഭാവത്തിനുടമയായ അനിലയ്ക്ക് 'അങ്ങനെ ചെയ്യാനാകില്ലെന്ന്' സ്വദേശത്തെ നാട്ടുകാരും സുഹൃത്തുക്കളും ഒരേ സ്വരത്തിൽ പറയുമ്പോഴും ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് അമേരിക്കൻ മലയാളികളും ബന്ധുക്കളും ഒപ്പം നാട്ടുകാരും.

തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യ ആൻ മേരി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനിയുമായ അനില (32)യെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുകൂട്ടികാരികളെയും ദാരുണമായി കൊലപ്പെടുത്തിയത് തങ്ങളുടെ നാട്ടുകാരി അനിലയാണെന്ന് വിശ്വസിക്കാൻ അവർക്കിപ്പോഴും കഴിഞ്ഞിട്ടില്ല.

സ്ഥലത്തെ അറിയപ്പെടുന്ന കുടുംബമാണ് അനിലയുടേത്. ഭരണങ്ങാനം എആർഎസ് കോളേജിലാണ് അനില പഠിച്ചത്. നാലുവർഷം മുമ്പാണ് യുഎസിലേക്ക് പോയത്. എഞ്ചിനിയറിങ് ബിരുദധാരിയായ അനില അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു. ഭർത്താവിനും കുഞ്ഞിനുമൊപ്പം ആണ് അനില യുഎസിൽ താമസിക്കുന്നത്. രണ്ടുമാസമായി അനിലയുടെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. അനിലയുടെ സഹോദരൻ കാനഡയിലാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഉറ്റ കൂട്ടുകാരികളെ വകവരുത്താന്‍ മാത്രം ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും ആശയക്കുഴപ്പത്തിലാണ്. അനിലയുടെ മാതാപിതാക്കളായ ഡോ. ബേബി ജോസഫും ജോളി ബേബിയും നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭാവമുണ്ടായത്. ബെംഗളൂരുവിൽ നിന്നാണ് അനില എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയത്. പഠനകാലത്തും ബംഗളൂരുവിലെ ജോലിയിലും ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി ജോബിൻ മാത്യു ആണ് ഭർത്താവ്. പിന്നീട് അമേരിക്കയിലേക്ക് ജോലി കിട്ടി പോകുകയായിരുന്നു. ഇവർക്ക് 4 വയസ്സുള്ള ഒരു മകളുണ്ട്. അടുത്തിടെ ജോലിയിൽ നേരിട്ട പ്രശ്നങ്ങളെ തുടർന്ന് അനില മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നാട്ടിലുള്ള കുടുംബസുഹൃത്തുക്കൾ പറയുന്നു. അറസ്റ്റിലായ അനിലയുടെ മൊഴിപ്പകർപ്പ് ലഭിച്ചാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.
