കോട്ടയം: കാലിഫോർണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകത്തിൽ ഈരാറ്റുപേട്ട സ്വദേശിനി അനില കുറ്റം സമ്മതിച്ചതായി സൂചന. മിൽപീറ്റസ് പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല എന്നാണു പോലീസ് പക്ഷത്തു നിന്നും ലഭ്യമാകുന്ന വിവരങ്ങൾ.

 

 തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യ ആൻ മേരി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനിയുമായ അനില (32)യെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആണ് അനിലയെ മനഃപൂർവമായ നരഹത്യ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

 കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നാളെ പൂർത്തിയാകും. ഫൊറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകില്ല. നാളെ പോസ്റ്റ്മോർട്ടം പൂർത്തിയായാലും എംബാം അടക്കമുള്ള തുടർനടപടികൾക്ക് രണ്ടു ദിവസം കൂടി സമയമെടുക്കും. മൃതദേഹങ്ങൾ ഉടനെ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അഞ്ജനയെ ഇടിച്ചു തെറിപ്പിച്ചശേഷം കാറുമായി അനില കടന്നുകളഞ്ഞു. നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികൾ കണ്ടിരുന്നു. കാർ ഓടിച്ചത് ഒരു സ്ത്രീയാണെന്നും മ‍ിൽപീറ്റസ് പൊലീസിനെ അറിയിച്ചു. ആനിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിലയെ കസ്റ്റഡിയിലെടുത്തത്. ഐടി മേഖലയിലാണ്‌ ആനിനും ഭർത്താവ് ജേക്കബ്ബിനും ജോലി. രണ്ടാഴ്ചമുമ്പാണ് വർക്ക് പെർമിറ്റ് ലഭിച്ചത്‌. ആനും ജേക്കബും എട്ട് വർഷമായി കാലിഫോർണിയയിലാണ്. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് മക്കൾ. അഞ്ജനയെ അനില താഴേയ്‌ക്ക്‌ വിളിച്ചുവരുത്തി കാറിടിപ്പിക്കുകയായിരുന്നു. ആറു വർഷമായി അഞ്ജനയും കുടുംബവും കാലിഫോർണിയയിൽ താമസിക്കുന്നു. 2023 ലാണ്‌ അവസാനമായി നാട്ടിൽ വന്നത്. തൃശൂർ പീച്ചിയ്‌ക്കടുത്ത്‌ വിലങ്ങന്നൂർ സ്വദേശി വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. മകൾ വാമിക (ആറ്‌). അനില ബേബി നിലവിൽ സാന്റ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ്. 9ന് കോടതിയിൽ ഹാജരാക്കും.