കോട്ടയം: ഓണാഘോഷത്തിന് പിന്നാലെ ബഹ്‌റൈൻ മലയാളികളെ സങ്കടക്കടലിലാക്കി ദുഃഖവാർത്ത. ബഹ്‌റൈനില്‍ ബാത്ത് ടബ്ബില്‍ വീണ് കോട്ടയം പാലാ സ്വദേശിയായ മൂന്ന് വയസുകാരന് ദാരുണാന്ത്യം.

വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീണാണ് കോട്ടയം പാലാ സ്വദേശിനിയായ അല്‍ഫോന്‍സ് ജോസിന്റെ (മേഘ) ഏകമകനായ മൂന്നു വയസുകാരന്‍ ധ്യാന്‍ സൂര്യ മരിച്ചത്. അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ബാത്ത് ടബ്ബില്‍ നിറച്ചുവെച്ച വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.

ഉടന്‍ അടുത്തുള്ള സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടിലായിരുന്ന കുട്ടിയെ നാല് ദിവസം മുന്‍പാണ് ഓണം ആഘോഷിക്കുന്നതിനായി ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. ബഹ്‌റൈന്‍ കേരളീയ സമാജം അംഗമാണ് മേഘ. സമാജത്തിന്റെ കാമ്പസ്സിൽ ചുറുചുറുക്കോടെ ഓടിനടന്ന മൂന്നു വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് ബഹ്‌റൈൻ മലയാളികൾ.
.png)