കോട്ടയത്ത് ബാറുടമകളില്‍ നിന്നും മാസപ്പടി; കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.


കോട്ടയം: ബാറില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

 

 കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാർ, മാസപ്പടി പിരിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയ ആറ് ഉദ്യോസ്ഥരായ പ്രവന്റീവ് ഓഫീസര്‍മാരായ എം മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, ടി സന്തോഷ്, കെ ഷൈജു, സിവില്‍ എക്സൈസ് ഓഫീസര്‍ എഎസ് വിശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിന്റേതാണ് നടപടി.

 

 ബാറുകളുടെ സമയക്രമം തെറ്റിച്ചതിൽ മൗനാനുവാദം നൽകിയതും തന്റെ അനുമതിയില്ലാതെ ബാറുകളില്‍ പരിശോധന നടത്തരുതെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. അശോക് കുമാര്‍ ബാറുകള്‍ക്ക് വഴിവിട്ട സഹായം ചെയ്തതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. 27 ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയിരുന്നതിന്‍റെ രേഖകള്‍ കണ്ടെത്തി. അശോക് കുമാര്‍ ബാറുകളിലെത്തി മാസപ്പടി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങളും ലഭിച്ചു. യൂണിഫോമില്ലാതെ ബാറിലെത്തി അശോക് കൈക്കൂലി വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. മാസപ്പടിയായി കിട്ടുന്ന ലക്ഷങ്ങള്‍ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതിന്‍റെ തെളിവും എക്സൈസ് വിജിലന്‍സ് സംഘം ശേഖരിച്ചു. മാസപ്പടിയായി ലഭിക്കുന്ന തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ തെളിവുകളും കണ്ടെത്തി. ബാറുകളിലെ പരിശോധനയ്ക്കായി എക്‌സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോള്‍ ഡെപ്യൂട്ടി കമ്മീഷണറുടെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുകയായിരുന്നു. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കൈക്കൂലി പിരിക്കുന്നതായും കണ്ടെത്തിയിരുന്നു. ബാറുകളില്‍ നിന്ന് പണം പിരിച്ച് നല്‍കാന്‍ ഒരു ബാര്‍ മാനേജരെ ഏല്‍പ്പിച്ചിരുന്നുവെന്നായിരുന്നു വിവരം. മിന്നല്‍ പരിശോധനയ്ക്കിടയില്‍ ചോദ്യം ചെയ്യുന്നതിനിടെ ബാര്‍ മാനേജരുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ കോള്‍ വരികയായിരുന്നു. കമ്മീഷണര്‍ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഫോണ്‍ കോളിലൂടെ ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ട്ട് ലഭിച്ചത്. എക്സൈസ് കമ്മീഷണര്‍ ഈ സംഭാഷണമടക്കം റെക്കോര്‍ഡ് ചെയ്‌തെടുത്തിരുന്നു. മാനേജരുടെ മൊഴി രേഖപ്പെടുത്തി ഈ തെളിവുകളുമായി അശോക് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

Next
This is the most recent post.
Previous
Older Post