അങ്കമാലി-എരുമേലി പാതയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത, സർവേയ്ക്ക് അനുമതി.


എരുമേലി: അങ്കമാലി-എരുമേലി പാതയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമ്മിക്കാൻ പദ്ധതി.

 

 തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമ്മിക്കുന്നതിനായി സർവേയ്ക്ക് അനുമതി അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തേനിയിൽനിന്ന് കമ്പം, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് വഴി 95 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ബ്രോഡ് ഗേജ് പാതയാണ് പരിഗണിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തമിഴ്‌നാട്ടിൽനിന്നുള്ള എം.പി.മാരായ പി. ഗണപതി രാജ്കുമാറിനെയും തങ്ക തമിഴ്‌സെൽവനെയും പാതയുടെ സർവ്വേയ്ക്ക് അനുമതി നൽകിയതായി അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നും എരുമേലിയിലേക്കെത്തുന്ന ശബരിമല തീർഥാടകർക്ക് ഗുണകരമാകുന്ന പദ്ധതിയാണ് ഇത്. നിലവിൽ പുരോഗമിക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽപാതാ പദ്ധതിയുമായി പുതിയ പാതയെ ബന്ധിപ്പിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകർക്ക് യാത്ര കൂടുതൽ സുഗമമാക്കുന്നതിനൊപ്പം ഇടുക്കി, പത്തനംതിട്ട മേഖലകളുടെ ഗതാഗതവികസനത്തിനും പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ. സർവേക്കുശേഷം നിതി ആയോഗിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും അംഗീകാരംലഭിച്ചാലേ പദ്ധതി അടുത്ത ഘട്ടത്തിലേക്കു കടക്കൂ. അതിനുമുൻപ്‌ രണ്ട് സംസ്ഥാന സർക്കാരുകളുമായും ചർച്ചകൾ നടക്കേണ്ടതുണ്ട്. പശ്ചിമഘട്ടം മുറിച്ചുകടക്കണമെന്നതുകൊണ്ടും വനമേഖല താണ്ടണമെന്നതുകൊണ്ടും പാരിസ്ഥിതികാനുമതിയും വേണം.