റേഷൻ അരിയുടെ അളവിലും വിലയിലും മാറ്റമില്ല: മന്ത്രി അനൂപ് ജേക്കബ്.


തിരുവനന്തപുരം: ഓണക്കാലത്ത് വിവിധ കാർഡുകൾക്കുള്ള റേഷൻ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അരി വില 10.90 ൽ നിന്ന് 36 ആയി വർധിപ്പിച്ചുവെന്ന വാദം തെറ്റാണ്. ഒരോ കാർഡിനുമുള്ള സാധാരണ റേഷൻ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ല.

 

 ഇതിനുപുറമേ, സപ്ളൈകോയിൽ ഒരോ കാർഡിനും 36 കിലോ അരി ലഭ്യമാക്കിയിട്ടുണ്ട്. നീല കാർഡിന് ഇത്തവണ ഓണത്തിന് ആളൊന്നിനു നാലു രൂപ നിരക്കിൽ 2 കി. അരിയും 17 രൂപ നിരക്കിൽ 4 കി. വരെ ആട്ടയും കൂടാതെ സ്‌പെഷൽ വിഹിതമായി ഒരു കുടുംബത്തിന് 3 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നൽകുന്നുണ്ട്. ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ 26 രൂപ നിരക്കിലും നൽകുന്നു.

 

 പിങ്ക് കാർഡിനു ഇത്തവണ, 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കിൽ) നൽകുന്നുണ്ട്. പ്രതിമാസ ടൈഡ്ഓവർ അരി അലോക്കേഷനിൽ വന്ന കുറവു കാരണമാണു കഴിഞ്ഞവർഷം ടൈഡ്ഓവർ വിഹിതത്തിൽ നിന്ന് കണ്ടെത്തി 10.90 രൂപ നിരക്കിൽ നൽകിയ 5 കി. സ്‌പെഷൽ അരി ഈ വർഷം നൽകാൻ കഴിയാത്ത സ്ഥിതി വന്നത്. ഇതിനു പരിഹാരമായി 3 കിലോ ഒഎംഎസ്എസ് അരി കിലോഗ്രാമിന് 26 രൂപ നിരക്കിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. വെള്ള കാർഡിനു ഇത്തവണ 10.90 രൂപയ്ക്ക് 7 കി. അരിയും 4 കി. വരെ ആട്ട 17 രൂപയ്ക്കും സ്‌പെഷൽ വിഹിതമായി 2 കി. ഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ വീതം 26 രൂപയ്ക്കും നൽകുന്നു. ക്ഷേമ വിഭാഗം തവിട്ട് കാർഡിനു ഇത്തവണ 2 കി. വീതം അരി 10.90 രൂപ നിരക്കിലും 2 കി. ഗോതമ്പും 8.70 രൂപ, 1 കി. ആട്ട 17 രൂപ നിരക്കിലും നൽകുന്നുണ്ട്. ഒപ്പം കാർഡിന് ഒഎംഎസ്എസ് അരി 26 രൂപയ്ക്ക് 10 കിലോയും നൽകുന്നു. മഞ്ഞ കാർഡിനാകട്ടെ, വിഹിതത്തിൽ ഒരു മാറ്റവും ഇത്തവണ വരുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന്റെ ടൈഡ് ഓവർ വിഹിതം അരി ലഭ്യതയിൽ 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടൺ അരി ലഭിച്ചിരുന്നത് ഇപ്പോൾ 26,835 മെട്രിക് ടൺ അരിയും 6,459 മെട്രിക് ടൺ ഗോതമ്പുമാണ്. ടൈഡ് ഓവർ വിഹിതത്തിൽ നിന്നാണ് ഉത്സവകാലങ്ങളിൽ സ്‌പെഷൽ അരി നൽകിയിരുന്നത്. അവശേഷിച്ച സ്റ്റോക്കിൽ നിന്ന് കഴിഞ്ഞ വിഷുവിന് സ്പെഷൽ അരി നൽകിയതോടെ ഓണത്തിനുള്ള അരി വളരെ പരിമിതമായി. ഈ പരിമിതി പരിഹരിക്കാനാണു ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം (ആഗസ്റ്റ്) 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Next
This is the most recent post.
Previous
Older Post