കോട്ടയം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചതെങ്കിലും ഞായറാഴ്ച പകലും ശക്തമായ മഴ ലഭിച്ചിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് മഴ വീണ്ടും ശക്തമായത്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാഹചര്യം കണക്കിലെടുത്തു 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
