കോട്ടയം: മലയാളികൾ പൂവിളികളും ആർപ്പുവിളികളുമായി കാത്തിരുന്ന ഓണമിങ്ങെത്തി. തിരുവോണത്തിന് ഇനി ഒരു നാൾ മാത്രം ബാക്കി നിൽക്കവേ അവസാനവട്ട ഒരുക്കങ്ങൾക്കും ഉത്രാടപ്പാച്ചിലിനുമൊരുങ്ങുകയാണ് മലയാളികൾ. നാളെയാണ് ഉത്രാടം.

ഓണത്തിരക്കിലാണ് നാട്ടിലെയും നഗരങ്ങളിലെയും വിപണികൾ. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിപണികൾ സജീവമായിക്കഴിഞ്ഞു. ഇന്ന് രാവിലെ മുതൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറിത്തുടങ്ങി. ഉപ്പേരി മേളകളും പായസമേളകളും സജീവമായി തന്നെ വിപണിയിലുണ്ട്. വസ്ത്രവ്യാപാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. ജില്ലയിലെ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടുതുടങ്ങി.

ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ഓണസദ്യക്കുള്ള ഒരുക്കങ്ങൾക്കായുള്ള പച്ചക്കറികൾ വാങ്ങാൻ ഇന്ന് മുതൽ തിരക്ക് ആരംഭിച്ചിട്ടുണ്ട്. നാളെ മുതല്‍ ഓണാവധി തുടങ്ങുന്നതോടെ രാവിലെ തന്നെ ആളുകള്‍ കൂട്ടത്തോടെ കച്ചവട കേന്ദ്രങ്ങളിലേക്ക് ഇറങ്ങും. ഇതോടെ നിരത്തുകളിലും കടകളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരികൾ വലിയ പ്രതീക്ഷയിലാണ് ഈ രണ്ട് ദിവസം. ഹോട്ടലുകളിലും കേറ്ററിംഗ് യൂണിറ്റുകളിലും ഓണസദ്യയുടെ ബുക്കിങ് തുടരുകയാണ്. വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും നടക്കുന്നുണ്ട്. ഇന്നലെ മുതൽ ആരംഭിച്ച മഴയാണ് ഇപ്പോൾ ആഘോഷങ്ങൾക്ക് തടസ്സമായി വില്ലനായി നിൽക്കുന്നത്. ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവോണവും ഓണ സദ്യയും ഓണാഘോഷവും മഴ കൊണ്ട് പോകുമോ എന്ന ആശങ്കയിലാണ് ഇത്തവണ മലയാളികൾ. ഓണവിപണി കണക്കാക്കി സാധനങ്ങൾ ഇറക്കിയ വ്യാപാരികളും മഴ പെയ്യാൻ ആരംഭിച്ചതോടെ നെഞ്ചിടിപ്പിലാണ്. പൂക്കടകളിൽ ഇന്ന് രാവിലെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
