എരുമേലി: നാടെങ്ങും ഓണത്തിന് വരവേൽക്കാനൊരുങ്ങുകയും ഓണാഘോഷത്തിന്റെ ആഘോഷത്തിമിർപ്പിലുമാണ്. ഓണത്തിന്റെ ആഘോഷങ്ങൾ ഒട്ടും കുറച്ചിട്ടില്ല മലയാളികളുടെ ഇഷ്ട്ടവാഹനമായ ആനവണ്ടിയിലും.

എരുമേലി ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സുകളിലും ഓണാഘോഷത്തിന്റെ ആവേശം ഡബിൾ ബെല്ലടിച്ചുകൊണ്ടിരിക്കുകയാണ്. യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം ഉപ്പേരിയും ശർക്കരവരട്ടിയും സമ്മാനിച്ചു എരുമേലി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ ഓണം കളറാക്കി മാറ്റുകയാണ്.

എരുമേലി-പാലക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിൽ യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം ഓണമധുരവും നൽകുകയാണ് കണ്ടക്ടർമാരായ ഡോ.ജയ്‌സൺ ജോസഫും സി കെ ജയനും. ടിക്കറ്റിനൊപ്പം ഉപ്പേരിയും ശർക്കര വരട്ടിയും എല്ലാ ദിവസവും യാത്രക്കാരുടെ കയ്യിൽ എത്തിക്കും. ഈ ഉദ്യമത്തിൽ സ്ഥിരം യാത്രക്കാരുടെ വലിയ പിന്തുണയുമുണ്ട്. നിരവധിപേരാണ് ഓണമധുരവുമായി ബസ്സിൽ കയറുന്നത്. രാവിലെ 8.15ന് എരുമേലിയിൽ നിന്ന് പുറപ്പെടുന്ന RSM 867 ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയാണ് ഇത്തവണത്തെ ഓണാഘോഷത്തിന് പിന്നിൽ. വർഷങ്ങളായി ഒരേ ബസിൽ ഒരുമിച്ച് യാത്ര ചെയ്യുന്നവർക്കിടയിൽ രൂപപ്പെട്ട സൗഹൃദമാണ് ഈ ഓണാഘോഷത്തിലും തെളിഞ്ഞത്. എരുമേലി ഡിപ്പോയിലെ കട്ടപ്പന-ചെറുതോണി ബസിലെ സ്ഥിരം യാത്രക്കാർ കട്ടപ്പന ബസ് സ്റ്റേഷനിലാണ് ഓണാഘോഷത്തിനായി ഒത്തു കൂടിയത്.
.png)