കൊച്ചി: വിനോദയാത്രയ്ക്കിടെ നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ കോട്ടയം സ്വദേശികളായ 16 പേർ ഉൾപ്പടെ 31 മലയാളികൾ കൂടി നാട്ടിലെത്തി. വിനോദയാത്രയ്‌ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേർ ആണ് ഇന്ന് പുലർച്ചെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്.

ഇടപ്പള്ളി ‘ട്രാവൽ ഹബ്ബ് 24’ ട്രാവൽ ഏജൻസിയിലൂടെ നേപ്പാളിൽ വിനോദ യാത്രയ്ക്കായി പോയ സംഘമാണ് സുരക്ഷിതരായി തിരികെ എത്തിയത്. സംഘത്തിലെ ശേഷിക്കുന്ന ഏഴുപേരിൽ അഞ്ചുപേർ ബംഗളൂരുവിലേക്കും രണ്ടുപേർ കേരളത്തിലേക്കും ഗൊരഖ്‌പൂരിൽ നിന്ന് ട്രെയിൻമാർഗം പുറപ്പെട്ടു. നേപ്പാളിലെ കാഠ്‌മണ്ഡു, പോഖ്ര, ലുംബിനി എന്നിവിടങ്ങൾ സന്ദർശിച്ച സംഘമാണ് സുരക്ഷിതരായി തിരികെ എത്തിയത്.

ശനിയാഴ്‌ച ഗൊരഖ്‌പൂരിൽ നിന്ന് വിമാനത്തിൽ കയറിയ സംഘം മുംബൈവഴിയാണ് ഇന്ന് രാവിലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തിയത്. തിരുവോണദിനത്തിൽ രാവിലെ 10 നാണ് സംഘം കാഠ്‌മണ്ഡുവിൽ നിന്ന് പോഖ്രയിലേക്ക് റോഡ് മാർഗം പുറപ്പെട്ടത്. യാത്രാമധ്യേ പുഴയിലൂടെ അതിശക്തമായി ചെളിയും മണ്ണും ഒഴുകിവരുന്നത് കണ്ടു. തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും രണ്ടുമണിക്കൂറിലധികം ഗതാഗതക്കുരുക്കിലാകുകയും ചെയ്തു.
തുടർന്ന് കാട്ടുവഴിയിലൂടെ വാഹനം തിരിച്ചു വിടുകയായിരുന്നു. വ്യാഴം പുലർച്ചെ രണ്ടോടെയാണ് സംഘം പോഖ്രയിലെത്തിയത്. പിന്നീടാണ് സംഭവിച്ചത് പ്രളയമായിരുന്നുവെന്ന് സംഘത്തിൽ ഉണ്ടായിരുന്നവർ തിരിച്ചറിഞ്ഞത്. സംഘത്തിലെ 16 പേർ കോട്ടയം ജില്ലക്കാരും 12 പേർ എറണാകുളം ജില്ലക്കാരുമാണ്. അഞ്ചുപേർ കാസർകോടു നിന്നും മൂന്നുപേർ തൃശൂരിൽനിന്നും രണ്ടുപേർ കണ്ണൂരിൽ നിന്നുമാണ്. 36 പേർ 22ന് കൊച്ചി അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. കൊച്ചിയിൽ നിന്ന് മുംബൈയിലേക്കും തുടർന്ന് ഗോരഖ്‌പുരിലേക്കുമായിരുന്നു വിമാനയാത്ര. തൃശൂരിൽ നിന്നുള്ള രണ്ടുപേർ ട്രെയിനിൽ ഗോരഖ്‌പുരിലെത്തി സംഘത്തോടൊപ്പം ചേർന്നു. അവിടെനിന്ന് റോഡ്‌മാർഗം ഞായറാഴ്‌ച കാഠ്‌മണ്ഡുവിലെത്തുകയായിരുന്നു. ശനിയാഴ്ച നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലെത്തിയിരുന്നു. ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽ നിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴുപേരെക്കുറിച്ച് നിലവിലെ യാതൊരു വിവരവും ലഭ്യമായിട്ടില്ല.
